ഇന്ത്യയിലെ ഹിന്ദുക്കളെ കൊല്ലാൻ മുസ്‌ലിങ്ങൾ രാസവസ്തുക്കൾ കലർത്തുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്, ട്വിറ്റർ, വാട്സ് ആപ്പ് എന്നിവയിലെല്ലാം ഈ വീഡിയോ ഏറെ വൈറൽ ആണ്. എന്നാൽ എന്താണ് യാഥാർഥ്യം?
പെറുവിൽ നിന്നുള്ള തൊഴിലാളികൾ അരിയിൽ മായം കലർത്തുന്ന ഒരു പഴയ വീഡിയോയാണ് തെറ്റായി പ്രചരിക്കപ്പെട്ടത് എന്നാതാണ് യാഥാർഥ്യം. ഹിന്ദു – മുസ്‌ലിം കലാപങ്ങൾ സൃഷ്ടിക്കാനും വർഗീയതയെ ആളിക്കത്തിക്കാനും വേണ്ടി നടക്കുന്ന ഇത്തരം ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്.
പ്രചരിച്ച വിഡിയോയിൽ ഒരു സംഘം ആളുകൾ അരി ചാക്കിന് ചുറ്റും ഇരിക്കുന്നതും അരിയിൽ മായം കലർത്തുന്നതും കാണാം. ഇത് മുസ്‌ലിങ്ങൾ ആണെന്നും ചേർക്കുന്നത് വിഷയമാണെന്നും ഉദ്ദേശം ഹിന്ദുക്കളെ കൊല്ലലുമാണെന്നാണ് വീഡിയോയിലെ പ്രചാരണം.
“ഇപ്പോൾ അരി ജിഹാദ്, ഹിന്ദുക്കൾ എവിടെ.. നിങ്ങളുടെ കുടുംബത്തെയും കുട്ടികളെയും രക്ഷിക്കൂ. ഹിന്ദുക്കളെ ഇല്ലാതാക്കാൻ മുസ്‌ലിങ്ങൾ ഒരുങ്ങിക്കഴിഞ്ഞു… അത്തരം അരി വാങ്ങരുത് എന്ന അടിക്കുറിപ്പോടെയാണ് വൈറലായ വീഡിയോ ഷെയർ ചെയ്യുന്നത്. അരിയിൽ രാസവസ്തുക്കൾ ഇട്ട് ഹിന്ദു ജനസംഖ്യ കുറയ്ക്കാനാണ് മുസ്ലീങ്ങൾ ശ്രമിക്കുന്നതെന്നും മുസ്ലിം സ്ഥാപനങ്ങളിൽ നിന്ന് ഒന്നും വാങ്ങരുത് എന്നും ഈ വ്യാജ വീഡിയോയോടൊപ്പം പ്രചരിക്കുന്നുണ്ട്.
ഇവ ഹിന്ദുക്കളെ രോഗികൾ ആക്കി മാറ്റുമെന്നും പ്രചാരണമുണ്ട്. സ്ത്രീകളിലും കുട്ടികളിലും ഈ രാസവസ്തു കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു, ഇത് ക്യാൻസർ, ഹൃദ്രോഗം, ചർമ്മത്തിൽ ചൊറിച്ചിൽ, കാഴ്ചശക്തി കുറയുന്നു, പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്നു. എന്നിങ്ങനെയാണ് അവകാശ വാദങ്ങൾ. എന്നാൽ ഇതെല്ലാം വ്യജമാണ്. ഇന്ത്യയിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. മാത്രമല്ല പ്രചരിക്കുന്നത് പെറുവിൽ ഒരു സ്ഥാപനം അരിയിൽ മായം ചേർക്കുന്നതാണ്. അതും ആരെയും രോഗികളാക്കാനോ കൊല്ലാനോ അല്ല.
2018-ൽ തെക്കേ അമേരിക്കയിലെ പെറുവിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇത്തരത്തിൽ പ്രചരിക്കപ്പെടുന്നത്. വീഡിയോ കാണുമ്പോൾ തന്നെ വീഡിയോ പെറുവിൽ നിന്നുള്ളതാണെന്ന് സൂചിപ്പിക്കുന്ന നിരവധി സൂചനകൾ ഉണ്ട്.അരിചാക്കുകളിൽ കാസറിട്ട എന്ന് എഴുതിയിരിക്കുന്നത് കാണാം. പെറുവിൽ വിൽക്കുന്ന അരി ബ്രാൻഡാണിത്. പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് തിരയുമ്പോൾ, പെറുവിൽ വിൽക്കുന്ന അതേ തരം അരി ബാഗുകൾ നമുക്ക് കാണാൻ കഴിയും.
കൂടാതെ, വീഡിയോയിലെ ആളുകൾ സ്പാനിഷ് ഭാഷയിൽ സംസാരിക്കുന്നതും അവരുടെ ഒരു ടീ-ഷർട്ടിന് പിന്നിൽ “സൂപ്പർമെർകാഡോ” എന്ന വാക്ക് കാണാം, സ്പാനിഷിൽ നിന്ന് വിവർത്തനം ചെയ്യുമ്പോൾ സൂപ്പർമാർക്കറ്റ് എന്നാണ് ഇത് വായിക്കുക. അതായത് പെറുവിലെ ഒരു സൂപ്പർ മാർക്കറ്റിൽ നടന്ന മായം ചേർക്കൽ ആണിത്.
പെറുവിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോയ്‌ക്കൊപ്പം സ്പാനിഷ് ഭാഷയിലുള്ള പോസ്റ്റുകളും ഞങ്ങൾ കണ്ടെത്തി. വിവർത്തനം ചെയ്യുമ്പോൾ അത്തരത്തിലുള്ള ഒരു അടിക്കുറിപ്പ് ഇങ്ങനെ വായിക്കാം, “എന്തൊരു അബോധാവസ്ഥയാണ് !!! യഥാർത്ഥ അരിയിൽ നിറം വർധിപ്പിക്കുന്നതിനായി അരി ഇളക്കി കളറിംഗ് അനിലിൻ ചേർക്കുക, ഈ വീഡിയോ എത്ര ദയനീയമാണ്”.
തുടർന്ന്, സ്പാനിഷ് കീവേഡുകൾ ഉപയോഗിച്ച് തിരയുമ്പോൾ, YouTube-ൽ, 2018 ഏപ്രിൽ 14-ന് എൽ ബുഹോ എന്ന YouTube ചാനൽ പോസ്റ്റ് ചെയ്ത ഒരു പഴയ വീഡിയോ ഞങ്ങൾ കണ്ടെത്തി.
വിവർത്തനം ചെയ്ത അടിക്കുറിപ്പ് ഇങ്ങനെയാണ്: “സോഷ്യൽ നെറ്റ്‌വർക്കുകളിലെ ഉപയോക്താക്കളുടെ അഭിപ്രായമനുസരിച്ച്, വെളുത്ത അരിയുടെ ഡൈയിംഗ് തലസ്ഥാനമായ ലിമയിലെ (പെറു), പ്രൊഡ്യൂസേഴ്‌സ് മാർക്കറ്റിലെ മാർക്കറ്റിലും മറ്റുള്ളവ “ലാ കാസെറിറ്റ” എന്ന ബ്രാൻഡിന്റെ അതേ സ്റ്റോറിലുമായിരിക്കും.”
2018 ഏപ്രിൽ 17-ലെ 24 ഹോറസിൽ നിന്നുള്ള ഒരു വാർത്താ റിപ്പോർട്ടും ഇത് ശരിവെക്കുന്നു. തലക്കെട്ട് വിവർത്തനം ചെയ്യുമ്പോൾ, “സാന്റാ അനിറ്റ മാർക്കറ്റ്: മായം കലർന്ന അരിയുടെ വീഡിയോ ഉത്പാദകർക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കുന്നു”. പെറുവിയൻ ടെലിവിഷൻ ശൃംഖലയായ പാനമേരിക്കാന ടെലിവിഷനിലാണ് 24 ഹോറസ് ഇത് പ്രക്ഷേപണം ചെയ്യുന്നത്.
ചുരുക്കത്തിൽ, പെറുവിലെ സാന്റാ അനിറ്റ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ അരിക്ക് കൂടുതൽ നിറം കിട്ടുന്നതിന് വേണ്ടി ചെയ്ത മായം ചേർക്കലാണ് ഇന്ത്യയിൽ മുസ്‌ലിങ്ങൾ ഹിന്ദുക്കളെ കൊല്ലാൻ രാസവസ്തുക്കൾ ചേർക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്നത്.