ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ വായു നിലവാര സൂചിക 471 ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണം തടയാൻ അടിയന്തര നടപടി വേണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ ഡൽഹി സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
സ്കൂളുകൾ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടും. മുഴുവൻ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം വർക് ഫ്രം ഹോമാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിക്കണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. വായു മലിനീകരണം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഉടൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും കോടതി അറിയിച്ചു. വീടിനുള്ളിൽ പോലും മാസ്ക് ധരിച്ചിരിക്കേണ്ട അവസ്ഥയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.
സുപ്രീംകോടതി നിർദ്ദേശത്തിന് പിന്നാലെ ഡൽഹി സർക്കാർ അടിയന്തര യോഗം വിളിച്ചിരുന്നു. അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടൽ. അടിയന്തര സാഹചര്യമാണ് ഡൽഹിയിലെന്നും ഇത് കേന്ദ്ര- സംസ്ഥാന സർക്കാർ തിരിച്ചറിയണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടു. വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല, മലിനീകരണത്തിന് കാരണം.
വീടിനുള്ളിൽ പോലും മാസ്ക് ധരിച്ച് ഇരിക്കേണ്ടിവരുന്നു. ഈ അവസ്ഥയ്ക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്വമുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മലിനീകരണം തടയാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് കോടതി വിമർശിച്ചു. വായു നിലവാര സൂചിക 200ൽ താഴെയെത്തിക്കാൻ രണ്ട് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകണം എന്നാണ് കോടതി നിർദ്ദേശം.