കോഴിക്കോട്: ഭക്ഷ്യ വിഷബാധയേറ്റ് (ffood poison) രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രാഥമിക ചികിൽസ നൽകിയ ആശുപത്രിക്ക് (Hospital) വീഴ്ച സംഭവിച്ചുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. നരിക്കുനിയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് തവണ കുട്ടിയെ കൊണ്ട് പോയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത് എന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതർ അക്കാര്യം പരിഗണിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. രണ്ടര വയസ്സായിരുന്നു.
ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികൾ നിലവിൽ ചികിത്സയിലാണ്. വിവാഹവീട്ടിൽ നിന്നും പാർസലായി കൊണ്ടു വന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലേയും ബന്ധുവീടുകളിലേയും കുട്ടികളിലാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.
ഇന്നലെയാണ് ഒരു വിവാഹവീട്ടിൽ നിന്നും നരിക്കുനി പഞ്ചായത്തിലെ വീരമ്പ്രം സ്വദേശി അക്ബറിന്റെ വീട്ടിലേക്ക് ഭക്ഷണം പാർസലായി കൊണ്ടു വന്നത്. ഈ ഭക്ഷണം കഴിച്ചാണ് അക്ബറിന്റെ മകൻ മുഹമ്മദ് യമിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. യമിനെ കൂടാതെ മറ്റു വീടുകളിലുള്ള ആറ് കുട്ടികൾക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവരെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. താമരശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.
ആകെ 11 കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാല് പേർ ഇന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. കുട്ടികളെ മാത്രമാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ചിക്കൻ കൊണ്ടുള്ള വിഭവം കഴിച്ച കുട്ടികളിലാണ് ആരോഗ്യപ്രശ്‌നം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.