തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയുമായി സഹകരിക്കില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും പിജി ഡോക്ടർമാർ. ശബരിമല ഡ്യൂട്ടിക്ക് സാധാരണ ഗതിയിൽ ആരോഗ്യവകുപ്പിലെ ഡോക്ടർമാരെയാണ് നിയോഗിക്കുന്നത്. എന്നാൽ ശബളപരിഷ്കരണത്തിലെ അപാകതകളുന്നയിച്ച ആരോഗ്യവകുപ്പിലെ ഡോക്ടർമാരെ അനുനയിപ്പിക്കുന്നതിൻറെ ഭാഗമായി അവർക്ക് അമിതഭാരം നൽകാതെയാണ് പിജി ഡോക്ടർമാരെ കൂടി ഇക്കുറി നിയമിക്കുന്നത്. നിലവിലെ തീരുമാനം തങ്ങളെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നതാണെന്നാണ് പിജി ഡോക്ടർമാരുടെ വിമർശനം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിയുമായും സഹകരിക്കണ്ടെന്നാണ് പിജി ഡോക്ടർമാരുടെ തീരുമാനം. ആളില്ലെങ്കിൽ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണം. ചൂഷണത്തിന് നിന്ന് കൊടുക്കില്ല. കണ്ണിൽ പൊടിയിടാൻ ശ്രമിക്കരുതെന്നും പിജി ഡോക്ടർമാരുടെ അസോസിയേഷൻ പറഞ്ഞു. നിലവിൽ അത്യാഹിത വിഭാഗം കൈകാര്യം ചെയ്യുന്നത് പി ജി ഡോക്ടർമാരാണ്. അതേസമയം രണ്ടുമാസ കണക്കിലായിരിക്കും പുതിയ അത്യാഹിത വിഭാഗത്തിൽ പിജി ഡോക്ടർമാരെ ഡ്യൂട്ടിക്കിടുക. ഇത് പിജി ഡോക്ടർമാർക്ക് പരിശീലനം കൂടിയാകുമെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട് ഡോ.എ നിസാറുദീൻ പ്രതികരിച്ചു.