മുംബൈ: മഹാരാഷ്ട്രയിലെ ഗദ്ചിരോലി ജില്ലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോവാദികൾ കൊല്ലപ്പെട്ടു. ഗ്യാരാബട്ടി വനമേഖലയിലെ കൊർച്ചിയിൽ ശനിയാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയൽ പറഞ്ഞു.
മുംബൈയിൽ നിന്ന് 920 കി.മീറ്റർ അകലെയാണ് ഈ സ്ഥലം. സി-60 പൊലീസ് കമാൻഡോ സംഘം അഡീഷണൽ എസ്.പി സൗമ്യ മുണ്ടെയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. തങ്ങൾക്കുനേരെ വെടിവെപ്പുണ്ടായപ്പോഴാണ് തിരിച്ചു വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഏറ്റുമുട്ടൽ വൈകിയും തുടർന്നു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ വ്യക്തമല്ലെങ്കിലും ഇതിൽ ഒരാൾ ഉന്നത നക്സൽ നേതാവാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നാലു പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ചികിത്സക്കായി കോപ്റ്ററിൽ നാഗ്പൂരിലെത്തിച്ചു. ഛത്തീസ്ഗഡ് അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്ന സ്ഥലം.