തിരുവനന്തപുരം: കോവളം വെള്ളാർ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ശിശുദിനത്തിൽ ഒരുക്കുന്ന ‘അപ്പൂപ്പൻതാടി’ ചിത്രരചനാമത്സരം ചലച്ചിത്രതാരവും ചിത്രകാരനുമായ മിനൺ ജോൺ ഉദ്ഘാടനം ചെയ്യും. ‘101 ചോദ്യങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം മിനൺ നേടിയിരുന്നു. ‘ഹോം’ ആണ് ഒടുവിൽ അഭിനയിച്ച സിനിമ. ഇതിനോടകം എൺപതോളം പെയിന്റിംഗ് എക്സിബിഷനുകളും ഈ ഇരുപത്തിയൊന്നുകാരനായ കലാകരൻ നടത്തിയിട്ടുണ്ട്.
അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നു മൂന്നു വിഭാഗങ്ങളിലായാണു മത്സരം. മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയും മൂന്നാം സമ്മാനം 2,500 രൂപയുമാണ്. കൂടാതെ ഓരോ വിഭാഗങ്ങളിലും പത്തു വീതം പ്രോത്സാഹനസമ്മാനങ്ങളും ഉണ്ട്.
ക്യാമ്പസ് ചുറ്റിനടന്നു കാണാനും അവസരമുണ്ട്.
നവംബർ 14ന് രാവിലെ 11 മുതൽ 4 വരെയാണ് മത്സരം. അതിനുമുമ്പ് എത്തി ഹാജർ രേഖപ്പെടുത്തണം. വാട്ടർകളറോ അക്രിലിക് കളറോ ഉപയോഗിക്കാം. അതു കുട്ടികൾ കൊണ്ടുവരണം. വരയ്ക്കാനുള്ള ആർട്ട് പേപ്പർ ക്രാഫ്റ്റ് വില്ലേജ് നല്കും. കോവിഡ് ഓഡിറ്റ് നടത്തി മുൻകരുതലുകൾ നടപ്പാക്കിയ രാജ്യത്തെ ആദ്യ കോവിഡ്മുക്ത ക്യാമ്പസായതിനാൽ ക്രാഫ്റ്റ് വില്ലേജിന്റെ പ്രോട്ടോക്കോളുകൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.പങ്കെടുക്കേണ്ടവർ മുൻകൂറായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ മത്സരം തുടങ്ങുന്ന രാവിലെ വരെ തുടരും. പ്രവേശനഫീസ് 100 രൂപയാണ്. ഇത് ഓൺലൈനായി അടയ്ക്കാം.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു ചായയും ലഘുഭക്ഷണവും സംഘാടകർ നൽകും. പുറത്തുനിന്നു കൊണ്ടുവരുന്ന ഭക്ഷണം ക്രാഫ്റ്റ് വില്ലേജ് വളപ്പിൽ അനുവദനീയമല്ല. അതിനാൽ മറ്റു ഭക്ഷണപാനീയങ്ങളുടെ ചെലവ് കുട്ടികളോ ഒപ്പമുള്ളവരോ വഹിക്കണം.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9288001155, 9288001198 എന്നീ നമ്പരുകളിൽ വിളിക്കുകയോ kacvkovalam.com/shop/appoppan-thaadi എന്ന വെബ് പേജ് സന്ദർശിക്കുകയോ ചെയ്യാം