തിരുവനന്തപുരം: കനത്തമഴയിൽ തിരുവനന്തപുരത്ത് (trivandrum) വൻ നാശനഷ്ടം. തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ (train) ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി മുതൽ പെയത ശക്തമായ മഴയാണ് വലിയ ദുരിതം വിതച്ചത്. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മൂന്നിടത്താണ് മണ്ണിടിഞ്ഞ് വീണത്.
നാഗർകോവിൽ – കന്യാകുമാരി റൂട്ടിൽ പാളത്തിൽ വെള്ളം കയറി. നാഗർ കോവിൽ- കോട്ടയം പാസഞ്ചറും നാളെ പുറപ്പെടേണ്ട ചെന്നെ- എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്സും പൂർണ്ണമായും റദ്ദാക്കി. ഐലൻഡ് എക്സപ്രസ്സും അനന്തപുരിയും അടക്കം 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇൻറർസിറ്റി നാഗർകോവിലിൽ നിന്ന് പുറപ്പെടും. കനത്ത മഴയെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മണ്ണ് മാറ്റാൻ തുടങ്ങിയത്.
നെയ്യാറ്റിൻകര മൂന്നുകല്ലുമൂട്ടിൽ റോഡിൻറെ ഒരുഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. ഇതോടെ നെയ്യാറ്റിൻകരയിലേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. വിഴിഞ്ഞത്ത് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞു. മലയോര മേഖലയിലും വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് മേഖലകളിൽ ശക്തമായ മഴ പെയ്യുകയാണ്. കോവളം വാഴമുട്ടത്ത് വീടുകൾക്ക് സമീപം മണ്ണിടിഞ്ഞു. തിരദേശത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
അടിമലത്തുറ വിഴിഞ്ഞം കോവളം എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ മാറ്റിപാർപ്പിച്ചു. അരുവിക്കര നെയ്യാർ പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. സാഹചര്യം നേരിടാൻ നഗരസഭ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.