ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ കോടതി സമുച്ചയത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററായ യുവാവ് മരിച്ച നിലയിൽ. സാകേത് കോടതി സമുച്ചയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അലിഗഡ് സ്വദേശിയായ യോഗേഷ് കുമാർ (31) ആണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിൻറെ ഏഴാം നിലയിലാണ് മൃതദേഹം കണ്ടത്.
പൊതു മരാമത്ത് വിഭാഗത്തിന് തൊഴിലാളികളെ വിതരണം ചയ്യുന്ന ഹൗസ് ഖാസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് യോഗേഷ് കുമാർ. നാല് വർഷമായി ഇവിടെ ജോലി നോക്കുന്നു. അമിത മദ്യപാനി ആയിരുന്നു ഇയാളെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിൽ മുറിവുകളോ മറ്റ് പാടുകളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഡൽഹി കോടതി പരിസരത്ത് ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ഡൽഹി ബാർ അസോസിയേഷൻ ജീവനക്കാരൻറെ മൃതദേഹമാണ് കഴിഞ്ഞ വ്യാഴാഴ്ച തീസ് ഹസാരി കോടതിയിൽ കണ്ടെത്തിയത്. തീസ് ഹസാരി കോടതിയുടെ പടിഞ്ഞാറൻ വിംഗിലെ 192ാം മുറിക്ക് സമീപമാണ് മനോജ് (35) എന്ന ജീവനക്കാരൻറെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ബാഹ്യമായ പരിക്കുകളൊന്നും ഇയാളുടെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മനോജ് ടി. ബി രോഗിയും സ്ഥിരമായി മദ്യപിക്കുന്നയാളുമാണെന്ന് പൊലീസ് പറയുന്നു ചേമ്പറിനുള്ളിലെ ഡസ്റ്റ്ബിന്നിൽ രക്തം ഛർദ്ദിച്ചതിൻറെ അടയാളങ്ങളുണ്ട്. താത്കാലിക ജീവനക്കാരനായിരുന്ന മനോജ് പലപ്പോഴും രാത്രി ചേംബറിൽ കഴിയാറുണ്ടെന്ന് പൊലീസ് പറഞ്ഞു.