ചെന്നൈ: കോയമ്പത്തൂരിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി നിരന്തരം ലൈംഗികചൂഷണം നടത്തിയതിനെത്തുടർന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. സംഭവം മൂടിവയ്ക്കാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പലിനേയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥി, വനിതാ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കിയത്. വാട്സാപ്പ് മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്. മാസങ്ങളോളം കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തു.
ലൈംഗിക ചൂഷണ വിവരം പുറത്തുവന്നതോടെ അധ്യാപകൻ്റെ അറസ്റ്റിനായി വിദ്യാർത്ഥി, വനിതാ സംഘടനകൾ പ്രക്ഷോഭം തുടങ്ങി. ഇന്നലെ കസ്റ്റഡിയിലായ അധ്യാപകൻറെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
പീഡനവിവരം പ്രിൻസിപ്പലിനെ അറിയിച്ചെങ്കിലും പ്രിൻസിപ്പൽ കുട്ടിയെയാണ് കുറ്റപ്പെടുത്തിയതെന്ന് മരിച്ച പെൺകുട്ടിയുടെ അമ്മ പറയുന്നു. വിവരം പുറത്തുവിടരുതെന്നും പ്രിൻസിപ്പൽ നിർദേശിച്ചു. പ്രിൻസിപ്പലിനേയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്.
എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, ദ്രാവിഡർവിടുതലൈ കഴകം, തന്തൈ പെരിയാർ ദ്രാവിഡർ കഴകം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
സംഭവം ഞെട്ടിക്കുന്നതെന്ന് നടൻ കമൽ ഹാസൻ പ്രതികരിച്ചു. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും കമൽ ഹാസൻ ആവശ്യപ്പെട്ടു.