ചാലിയാറിന്റെ ഒഴുക്കിലൂടെ തുഴഞ്ഞ് നാടുകള്‍ കണ്ടും സംസ്കാരവും ഭൂപ്രകൃതിയും അടുത്തറിഞ്ഞും ഇടവേളകളില്‍ നാടന്‍ ഭക്ഷണത്തിന്റെ രുചിയറിഞ്ഞും ഒരു യാത്ര പോയാലോ…
യാത്രകളില്‍ ആനന്ദം മാത്രമല്ല, അല്പം സാമൂഹിക പ്രതിബന്ധതയും പ്രകൃതിയോടുള്ള സ്നേഹവും കൂടിയുള്ളവര്‍ക്ക് മനസ്സറിഞ്ഞു പോകുവാന്‍ കഴിയുന്ന ഒരു യാത്രയാണ് ചാലിയാര്‍ റിവര്‍ പാഡില്‍ 2021. ഇന്ത്യയിലെ നദികളിലെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരായി അവബോധം വളര്‍ത്തുവാന്‍ നടത്തുന്ന ചാലിയാര്റിനെ കുറിച്ചുള്ള വിശേഷങ്ങൾ..
ജെല്ലി ഫിഷ് വാട്ടര്‍ സ്പോര്‍ട്സ് കേരളാ ടൂറിസം വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന യാത്രയാണ് ചാലിയാര്‍ റിവര്‍ പാഡില്‍ 2021. ഇന്നലെ തുടങ്ങി 13,14 തിയ്യതികളിലായി നടത്തുന്ന പാഡ്ലിങ് വാട്ടര്‍ സ്പോര്‍ട്സ് ഇവന്റിന്റെ ഏഴാം പതിപ്പാണിത്.
നദികളില്‍ വര്‍ധിച്ചുവരുന്ന മലിനീകരണത്തെക്കുറിച്ചും അശ്രദ്ധമായി നദികളെ മലിനമയമാക്കുന്നതിനെക്കുറിച്ചുമെല്ലാം കൃത്യമായ അവബോധം ആളുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചാലിയാർ മറ്റൊരു പരിപാടിക്കും തുടക്കമിട്ടിട്ടുണ്ട്.’ഗോ പ്ലാസ്റ്റിക് നെഗറ്റീവ്’ എന്ന ടാഗ് ലൈലൈനോടെ സംഘടിപ്പിക്കുന്ന പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യയിലെ നദികളിലെ പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ചാണ്.
ചാലിയാർ റിവർ പാഡ് 2021 ആരംഭിക്കുന്നത് നിലംബൂരിൽ നിന്നാണ്.ചാലിയാർ നദിയുടെ ഒഴുക്കില്‍ തുഴഞ്ഞ് കാഴ്ചകള്‍ കണ്ട് പര്യവേക്ഷണം ചെയ്ത് പ്രാദേശിക ഭക്ഷണങ്ങളും സംസ്കാരവും ആസ്വദിച്ചുള്ള യാത്രയില്‍ ക്യാംപിങ് സൗകര്യങ്ങളോടുകൂടി ചാലിയാര്‍ അറബിക്കടലിനോട് ചേരുന്ന കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലാണ് പരിപാടിയുടെ അവസാനം.
തുഴഞ്ഞു പോകുവാന്‍ താല്പര്യമുള്ള ആര്‍ക്കും ധൈര്യപൂര്‍വ്വം പരിപാടിയില്‍ പങ്കെടുക്കാം. തുടക്കക്കാര്‍ക്കും നീന്തല്‍ അറിയില്ലാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം. വിവിധ തലങ്ങളിലുള്ള തുഴച്ചില്‍ക്കാരെയും ജല കായിക പ്രേമികളെയും സാഹസിക മനോഭാവമുള്ളവരെയും ഈ പരിപാടി സ്വാഗതം ചെയ്യുന്നു.
10 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ഇവന്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവും. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കണമെങ്കില്‍ മാതാപിതാക്കളോ രക്ഷിതാവോ ഒപ്പമുണ്ടായിരിക്കണം. പങ്കെടുക്കുന്നവര്‍ക്ക് മുന്‍കൂര്‍ തുഴയല്‍ പരിചയം ഇല്ലെങ്കില്‍ അവരെ തയ്യാറാക്കാന്‍ പരിശീലകര്‍ സ്ഥലത്തുണ്ടാകും.
റിവര്‍ വിദഗ്ധര്‍, ലൈഫ് ഗാര്‍ഡുകള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ജലപാതയില്‍ ഹൈഡ്രേഷന് പോയിന്റുകള്‍, സാക്ഷ്യപ്പെടുത്തിയ വാട്ടര്‍ ജാക്കറ്റുകള്‍, ലോകോത്തര ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും സംഘാടകര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ശക്തമായ മെഡിക്കല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെയും രക്ഷാപ്രവര്‍ത്തനത്തെയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ജലപാതയിലെ വിവിധ ക്യാമ്ബ്സൈറ്റുകളില് ലാന്‍ഡ്സ്കേപ്പിന്റെ ഭംഗി ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ക്യാമ്ബിംഗ്, ആധികാരികമായ കേരള വിഭവങ്ങള്‍ ആസ്വദിക്കല്‍, പ്രാദേശിക ഗോത്രവര്‍ഗ സംഗീതം എന്നിങ്ങനെ വിവിധ പ്രത്യേക ആകര്‍ഷണങ്ങളും ക്യാമ്ബ് സൈറ്റുകളില്‍ ഉണ്ടായിരിക്കും.
പങ്കെടുക്കുന്നവരുടെ മെച്ചപ്പെട്ട സുരക്ഷയ്ക്കായി കര്‍ശനമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുമെന്നും സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നു.