തിരുവനന്തപുരം: ഓക്‌സിലറി ഗ്രൂപ്പുകൾ പ്രവർത്തനം തുടങ്ങുന്നതോടെ കുടുംബശ്രീക്ക് പുതിയ വേഗവും ലക്ഷ്യവും കൈവരിക്കാൻ കഴിയുമെന്നും സ്ത്രീധന പീഡനവും ആത്മഹത്യയും ലഹരി വിപത്തും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് സാമൂഹ്യ ഉന്നമനത്തിനായി പ്രവർത്തിക്കാനുള്ള അവസരം യുവതികൾക്ക് ലഭ്യമാകുമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല പദ്ധതി അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയും സ്ത്രീധന പീഡനങ്ങളും ഉൾപ്പെടെ സ്ത്രീസമൂഹം നേരിടുന്ന നാനാതരം വിഷയങ്ങളിൽ ക്രിയാത്മകമായി പ്രതികരിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ശക്തികേന്ദ്രമായി കുടുംബശ്രീ മാറണം. ഇതിന്റെ ഭാഗമായി വനിതാ കമ്മീഷൻ, ജാഗ്രതാ സമിതികൾ, വിമുക്തി തുടങ്ങിയ സംവിധാനങ്ങളുമായി ചേർന്ന് വിപുലമായ ക്യാമ്പയിനുകൾ ആസൂത്രണം ചെയ്യുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു.
ആളോഹരി വരുമാനത്തിൽ കേരളം പിന്നിലാണെങ്കിലും, സുരക്ഷിത ഭവനം, ആഹാരം, വസ്ത്രം, ശുദ്ധജല ലഭ്യത എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ലഭ്യമാക്കി ഗുണമേൻമയുള്ള ജീവിതം നയിക്കാൻ സമൂഹത്തെ പ്രാപ്തരാക്കുന്ന കേരള മോഡലാണ് നടപ്പിലാക്കപ്പെടുന്നത്. എന്നിട്ടും മുഖ്യധാരയിലേക്ക് എത്താത്തവരെ കണ്ടെത്തുന്നതിനാണ് അതിദരിദ്രരെ കണ്ടെത്താനുള്ള സർവേ നടത്തുന്നത്. ഇതിന് കുടുംബശ്രീ പ്രവർത്തകർക്ക് നേതൃത്വം നൽകാൻ കഴിയണം. സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും അഞ്ചു വീതം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കി വരികയാണ്. കൂടാതെ കെ-ഡിസ്‌കും(കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) തദ്ദേശ സ്വയംഭരണ വകുപ്പും സംയോജിച്ചു കൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പരമാവധി യുവതികൾക്ക് ജോലി ലഭ്യമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് മനഅഥ്രി പറഞ്ഞു.
കേരളത്തിലെ നാൽപ്പത്തിയഞ്ചുലക്ഷം സ്ത്രീകളുടെ ജീവിതത്തെയും അവരുടെ കാഴ്ചപ്പാടുകളെയും സാമൂഹ്യവും ജനാധിപത്യപരവും ഭരണഘടനാപരമായും പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിനായി രാഷ്ട്രീയ പ്രബുദ്ധതയും മികച്ച ആശയ സംവേദനക്ഷമതയുമുള്ള സംവിധാനമായി ഓക്‌സിലറി ഗ്രൂപ്പുകളെ രൂപപ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ സന്തോഷത്തിലേക്ക് നയിക്കുന്ന തരത്തിൽ പുതിയൊരു രീതിശാസ്ത്രം ഇനിയുള്ള പ്രവർത്തനങ്ങളിൽ മുന്നോട്ടുവെക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലകളിൽ കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർ വിശദീകരിച്ചു. കോവിഡ് കാലത്ത് കുടുംബശ്രീ മുഖേന ജില്ലകളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ, സുഭിക്ഷകേരളം പദ്ധതി, ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം, ത്രിതല സംഘടനാ സംവിധാനവും തിരഞ്ഞെടുപ്പും, പ്രാദേശിക സാമ്പത്തിക വികസനം, കാർഷിക മൃഗസംരക്ഷണ സൂക്ഷ്മ സംരംഭ മേഖലയിലെ വിവിധ പദ്ധതി പ്രവർത്തനങ്ങൾ, മൈക്രോ ഫിനാൻസ്, സാമൂഹിക വികസനം, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ, നൈപുണ്യ പരിശീലനം, പി.എം.എ.വൈ, എൻ.യു.എൽ.എം തുടങ്ങി കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതികളും പരിപാടികളും അവയുടെ പ്രവർത്തന പുരോഗതിയും മന്ത്രി വിലയിരുത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും മന്ത്രിയോടൊപ്പം അവലോകനം നടത്തി. ഫീൽഡ് തലത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും മന്ത്രി നൽകി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ർ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർമാർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാർ എന്നിവർ പദ്ധതി അവലോകന യോഗത്തിൽ പങ്കെടുത്തു.