തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം, പ്രൊമോഷൻ എന്നിവയുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് പിജി മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷനും സമരത്തിലേക്ക്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് നിരവധി തവണ ഇതിന് മുൻപ് സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും സംഘടനാ നേതാക്കൾ വ്യക്‌തമാക്കി.
സമരത്തിന്റെ ഭാഗമായി നവംബർ 15ആം തീയതി മുതൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ ഓഫീസിന് മുൻപിലും എല്ലാ മെഡിക്കൽ കോളേജുകളിലും ധർണ നടത്തും. എന്നാൽ അത്യാഹിത വിഭാഗം, പ്രസവ മുറി, അടിയന്തിര ശസ്‍ത്രക്രിയകൾ, കോവിഡ് ഡ്യൂട്ടി എന്നിവയെ ബാധിക്കാത്ത വിധത്തിലായിരിക്കും സമരം നടത്തുക. തുടർന്നും സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഡിസംബർ 1ആം തീയതി മുതൽ അനിശ്‌ചിതകാല സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എൻട്രി കേഡറിൽ അസിസ്‌റ്റന്റ് പ്രൊഫസർമാരുടെ വേതനം ലെവൽ 12 ആക്കി വർധിപ്പിക്കുക, സൂപ്പർ സ്‌പെഷാലിറ്റി അസിസ്‌റ്റന്റ് പ്രൊഫസർമാരുടെ ശമ്പള സ്‌കെയിൽ വർധിപ്പിക്കുക, അസോസിയേറ്റ് പ്രൊഫസറായി സ്‌ഥാനക്കയറ്റ കാലാവധി 7 വർഷമാക്കി കുറയ്‌ക്കുക, പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യമായ നിയമനങ്ങൾ നടത്തുക, മെഡിക്കൽ കോളേജ് അധ്യാപകരുടെ പുനർവിന്യാസം റദ്ദാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.