കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് സി.പി.എം നിലപാടില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. അലനും താഹയും സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. (pantheerakav uapa case-cpim)
ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് എല്ലാ കാലത്തും ഒരു നിലപാടാണ്. പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും പി. മോഹനന്‍ പറഞ്ഞു. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിപിഎം കോഴിക്കോട് സൌത്ത് ഏരിയാ കമ്മറ്റിക്ക് കീഴിലായിരുന്നു അലനും താഹയും നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. യുഎപിഎ വിഷയത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ചോദ്യത്തിനുള്ള മറുപടി പ്രസംഗത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ നിലപാട് വ്യക്തമാക്കിയത്.
യുഎപിഎ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. കേസില്‍ അന്വേഷണ കമ്മീഷനെ വച്ച് പാര്‍ട്ടി ഇക്കാര്യം പരിശോധിച്ചതാണ്. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നു. അങ്ങനെയാണ് സിപിഎമ്മില്‍ നിന്ന് ഇരുവരെയും പുറത്താക്കിയത്. മോഹനന്‍ കൂട്ടിച്ചേര്‍ത്തു.