തിരുവനന്തപുരം: മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ഡിസംബർ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. (marrakkar movie theatre release)
മന്ത്രി സജി ചെറിയാൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയത്. മന്ത്രി തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
റിലീസിംഗ് സംബന്ധിച്ച് യാതൊരു ഉപാധികളുമില്ലാതെ എല്ലാ തീയറ്ററുകളിലും സിനിമ പ്രദര്‍പ്പിക്കാനാണ് തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മലയാള സിനിമയുടെ നിലനില്‍പ്പിന് വേണ്ടിയും സിനിമാ മേഖലയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയും വലിയ വിട്ടുവീഴ്ചയാണ് ആന്റണി പെരുമ്പാവൂര്‍ നടത്തിയത്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സര്‍ക്കാരിനോട് വലിയ സഹകരണമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsajicheriancpim%2Fposts%2F2199688226872276&show_text=true&width=500
“സിനിമാ റിലീസിംഗ് സംബന്ധിച്ച് സര്‍ക്കാരിന്റെ സമീപനം വിജയം കണ്ടു. സിനിമാ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ 2021 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സിനിമാ ടിക്കന്മിലേക്കുള്ള വിനോദ നികുതി ഒഴിവാക്കാന്‍ ഉത്തരവായി. തീയറ്ററുകള്‍ അടഞ്ഞകാലത്തെ വൈദ്യുതി തുകയ്ക്ക് ഇളവുനല്‍കും. ഇത് ആറുഗഡുക്കളായി അടച്ചാല്‍ മതി.
തീയറ്റര്‍ അടഞ്ഞുകിടന്ന സമയത്തെ കെട്ടിട നികുതി പൂര്‍ണമായും ഒഴിവാക്കും. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തീയറ്ററുകള്‍ അപേക്ഷ നല്‍കണം. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാം. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എടുത്ത വായ്പ സംബന്ധിച്ചും തീരുമാനമായി. അവ അടച്ചുതീര്‍ക്കാന്‍ കാലാവധി നീട്ടി നല്‍കും. വളരെ സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ സിനിമാ മേഖലയിലെ എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരാന്‍ സാധിച്ചു”- മന്ത്രി പറഞ്ഞു.
ചിത്രത്തിന്റെ പ്രിവ്യൂ ചെന്നൈയിൽ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പിലായിരുന്നു പ്രിവ്യൂ നടത്തിയത്. ചിത്രം കണ്ടവരെല്ലാം വലിയ സ്ക്രീനുകളിൽ കാണേണ്ട ചിത്രമാണ് മരക്കാർ എന്ന അഭിപ്രായം മുന്നോട്ട് വെച്ചിരുന്നു.
അതോടൊപ്പം, നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റി സംസ്ഥാനത്തെ തിയേറ്ററുകൾക്ക് ഡിസംബർ മുതൽ ലഭിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഡിസംബറിൽ തന്നെ ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്.
ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.