കൊവിഡ് കാലം പ്രതിസന്ധികളുടേത് മാത്രമായിരുന്നില്ല വേറിട്ട അവസരങ്ങൾ തുറക്കാൻ ശ്രമിച്ചവരുടേതും കൂടെയായിരുന്നു. വ്ലോഗുകളുമായി എത്തിയ ചിലർ കൊവിഡ് കാലത്ത് പ്രേക്ഷകരുടെ പ്രിയം നേടി. മുതിർന്ന വ്ലോഗർമാർ മാത്രമല്ല ചെറിയ കുട്ടികൾ വരെ അക്കൂട്ടത്തിലുണ്ട്. അങ്ങനെ രസകരമായ ഒരു വ്ലോഗുമായി എത്തിയ കുട്ടിയുടെ വീഡിയോ തന്റെ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ (Jayasurya).
ഇങ്ങനെ വേറിട്ട വീഡിയോകൾ പങ്കുവെച്ച് പലപ്പോഴും ജയസൂര്യ കലാകാരൻമാർക്കും പുതുമുഖങ്ങൾക്കും പ്രോത്സാഹനവുമായി എത്താറുണ്ട്. ജയസൂര്യ പങ്കുവെച്ച വീഡിയോകൾ എല്ലാവരും ഏറ്റെടുക്കാറുമുണ്ട്. ഇത്തവണത്തേത് രസകരമായ ഒരു വീഡിയോ ആയതിനാൽ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയുമാണ്. ഗ്ലൂക്കോസ് പൊടിയെ കുറിച്ച് പരിചയപ്പെടുത്തുന്ന കുട്ടിയുടെ വീഡിയോണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ഗ്ലൂക്കോസ് പൊടിയുടെ കുപ്പി കാട്ടി ഇതിൽ 80 മധുരമുണ്ട് എന്ന് കുട്ടി പറയുന്നു. എന്നാൽ കുട്ടി വീഡിയോയിൽ ഗ്ലൂക്കോസ് എന്ന് ഉച്ചരിക്കാൻ കിട്ടാതെ ക്ലൂ ക്ലൂകോസ് എന്നാണ് പറയുന്നതെങ്കിലും അവന്റെ ആത്മവിശ്വാസത്തെയാണ് എല്ലാവരും പ്രശംസിക്കുന്നത്. വളരെ നിഷ്‍കളങ്കമായിട്ടാണ് വീഡിയോയിൽ കുട്ടിയുടെ അവതരണം.
ഈശോ എന്ന ചിത്രമാണ് ജയസൂര്യയുടേതായി ഇനി പ്രദർശനത്തിന് എത്താനുള്ളത്. നാദിർഷ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈസ്‍തവ വിശ്വാസികളെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്താൽ ഈശോ വിവാദത്തിലായിരുന്നു. നമിത പ്രമോദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
സണ്ണി എന്ന ചിത്രമാണ് ജയസൂര്യയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ജയസൂര്യയുടെ കഥാപാത്രം മാത്രമാണ് ചിത്രത്തിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഒരു പരീക്ഷണ ചിത്രമെന്ന നിലയിലുള്ള സണ്ണി സംവിധാനം ചെയ്‍തത് രഞ്‍ജിത് ശങ്കറാണ്. സണ്ണി എന്ന ചിത്രം ഐഫ്എഫ്‍കെയിലുൾപ്പടെയുള്ള അന്താരാഷ്‍ട്ര മേളകളിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FJayasuryajayan%2Fvideos%2F418315196520998%2F&show_text=false&width=269&t=0