പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും മുന്‍ ബിഗ് ബോസ് താരവുമായ ജാന്‍ മണി ദാസിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ജാന്‍ മണി ദാസ് നടത്തിയ പരാമര്‍ശമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കും കേസിനും വഴിവെച്ചത്. ‘മോദിയെ ഹിറ്റ്‌ലര്‍ എന്ന് വിളിക്കാന്‍ പോലും കഴിയില്ല, ആണുങ്ങളല്ലേ ഹിറ്റ്‌ലര്‍ ആകൂ, മോദി വേറെന്തോ ആണ്’ എന്ന തരത്തിലായിരുന്നു ഇവരുടെ പ്രതികരണം. ഈ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവിധ കോണുകളില്‍ നിന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മഹിള മോര്‍ച്ച നിയമനടപടിയിലേക്ക് കടന്നത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ കോഴിക്കോട് സൈബര്‍ പൊലീസ് ജാന്‍ മണി ദാസിനെതിരെ കേസെടുക്കുകയായിരുന്നു. സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
















