മരട് ഫ്ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം(kannan thamarakkulam) സംവിധാനം ചെയ്യുന്ന ‘വിധി:ദി വെർഡിക്റ്റ്’(vidhi: the verdict) എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. നവംമ്പർ 25ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ അറിയിച്ചു. ‘മരട് 357’എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. പിന്നാലെ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പേര് മാറ്റുക ആയിരുന്നു.
ഈ സിനിമ ആരെയും നിരാശപ്പെടുത്തില്ലെന്നും എല്ലാവരുടെയും പ്രാത്ഥനയും പിന്തുണയും കൂടെ വേണമെന്നും കണ്ണൻ താമരക്കുളം പറയുന്നു. മരട് ഫ്‌ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിർമാതാക്കളാണ് ഹർജി നൽകിയത്. മാർച്ച് 19ന് തിയറ്ററിൽ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുൻസിഫ് കോടതി ചിത്രം തടഞ്ഞിരുന്നു. തുടർന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു. ഹൈക്കോടതി വിചാരണയ്ക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവിൽ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി വരികയും ചെയ്തു.
ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. നൃത്തസംവിധാനം ദിനേശ് മാസ്റ്റർ. അനൂപ് മേനോനൊപ്പം ധർമ്മജൻ ബോൽഗാട്ടി, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സെന്തിൽ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തിൽ.
അബാം മൂവീസിൻറെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണ്ണലയ സിനിമാസിൻറെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളവും ചേർന്നാണ് നിർമ്മാണം. ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായ മരട് ഫ്ലാറ്റ് പൊളിക്കൽ സംഭവത്തിൽ 357 കുടുംബങ്ങൾക്കായിരുന്നു കിടപ്പാടം നഷ്‍ടപ്പെട്ടത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkannan.thamarakkulam%2Fposts%2F4529282990517698&show_text=true&width=500