കോഴിക്കോട്: കേരളത്തിൽ സിനിമാടൂറിസം ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സിനിമകളിലൂടെ ശ്രദ്ധേയമായ സ്ഥലങ്ങളിലേക്കും ശ്രദ്ധനേടിയ സിനിമകൾ ചിത്രീകരിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികളെ ആകർഷിക്കുന്നതാണ് പദ്ധതി.
ഗൃഹാതുരമായ സിനിമാ ഓർമകൾക്ക് നിറം പകരുന്നതാണ് പുതിയ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. കാലം എത്ര കഴിഞ്ഞാലും മനസിൽ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങൾ. നമ്മുടെ ഇത്തരം സിനിമാ ഗൃഹാതുര ഓർമകൾക്ക് നിറം പകരുന്ന പുതിയ പദ്ധതിയാണ് ടൂറിസം വകുപ്പ് ആരംഭിക്കാൻ ഒരുങ്ങുന്നത്.
കിരീടം സിനിമയിൽ മോഹൻലാലിൻറെ വികാര നിർഭരമായ രംഗങ്ങൾ ചിത്രീകരിച്ച പാലം, ബോംബെ സിനിമയിൽ ‘ഉയിരെ…’ എന്ന ഗാനം ചിത്രീകരിച്ച ബേക്കൽ കോട്ട തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ഒരുവട്ടമെങ്കിലും എത്താൻ സഞ്ചാരികളെ ആകർഷിക്കുന്നതാണ് പദ്ധതി. സാംസ്കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്.
സിനിമാ താരങ്ങളെ കൂടി ഉൾപ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ ഇരു വകുപ്പുകളും ചേർന്ന് ഉടൻ തന്നെ സിനിമാടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കേരളത്തിലെ സിനിമാ ലൊക്കേഷനുകളെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കാനും മന്ത്രി അഭ്യർഥിച്ചിട്ടുണ്ട്.