തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിൻ്റെ പിടിവാശി മാറ്റി ഇന്ധന വില കുറയുന്നത് വരെ ജനകീയ സമരങ്ങൾ തുടരും. ഇന്ധന വില വർധനവ് ജന ജീവിതം ദുസ്സഹമാക്കിയെന്ന് വി ഡി സതീശൻ പറഞ്ഞു.
യുഡിഎഫ് കാലത്ത് ഇന്ധനനികുതി വരുമാനം 493 കോടിയാണ്. എൽഡിഎഫ് കാലത്ത് അധികവരുമാനം 5000 കോടിയാണ്. ഇതിൽ നിന്ന് സബ്സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നിയമസഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
അതേസമയം, ഇന്ധനനികുതി സംസ്ഥാനം ആറുവർഷമായി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു. കൂട്ടിയവർ തന്നെ കുറയ്ക്കട്ടെ എന്നതാണ് സർക്കാർ നിലപാട്. പാര്‍ലമെന്‍റിലേക്ക് സൈക്കിളില്‍ പോകാന്‍ 19 പേരുണ്ടല്ലോ? എന്താണ് പോകാത്തതെന്നും ധനമന്ത്രി ചോദിച്ചു. കോണ്‍ഗ്രസിൻ്റെ 19 പേരും പോയപ്പോള്‍ നിങ്ങളുടെ എംപി മാത്രം വന്നില്ലെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നികുതി കുറച്ചെന്ന് പറഞ്ഞ് പാര്‍ട്ടിക്കാരെ പറ്റിക്കാമെന്ന് സതീശന്‍ തിരിച്ചടിച്ചു.