വ്യാജ വാർത്തകളിൽ ഏറ്റവും ഗുരുതരമാണ് സാമുദായിക ഐക്യം തകർക്കുന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ. മനുഷ്യർ ഏറ്റവും കൂടുതൽ വൈകാരികമായി ഇടപെടുന്ന ഒന്നാണ് മതം. അതിനാൽ തന്നെ മത വിശ്വാസത്തെ വൃണപ്പെടുത്തുന്നതിനോ മറ്റോ ഉള്ള വാർത്തകൾ പങ്കുവെക്കരുത്. എന്നാൽ അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഒരു ഹിന്ദു മത പുരോഹിതനെ മുസ്ലിങ്ങൾ അക്രമിച്ചെന്ന തരത്തിലാണ് വ്യാജ വാർത്ത.
മിർസാപൂരിലെ വിന്ധ്യാചൽ ക്ഷേത്രത്തിലെ പുരോഹിതൻ അമിത് പാണ്ഡെയെന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ ചിത്രസഹിതമാണ് വാർത്ത പ്രചരിക്കുന്നത്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റതായി ചിത്രത്തിൽ കാണാം. കൊല്ലണമെന്ന് ഉദ്ദേശത്തോടെ മുസ്ലിം സംഘമാണ് ആക്രമിച്ചതെന്ന് അവകാശ വാദത്തോടെയാണ് ഇത് വൈറൽ ആകുന്നത്.
ഇതേ അവകാശവാദവുമായി നിരവധി ഉപയോക്താക്കൾ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചു. ഇത് ഹിന്ദു സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്ന് അവരിൽ ഒരാൾ അഭിപ്രായപ്പെട്ടു.
എന്നാൽ, ആരോപണവിധേയമായ ആക്രമണം അവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഒരു ഉപയോക്താവ് മിർസാപൂർ പോലീസിനെ ടാഗ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടു. ട്വീറ്റിന് മറുപടിയായി മിർസാപൂർ പോലീസിന്റെ ഹാൻഡിൽ ഇത് പഴയ കേസാണെന്നും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
എന്നാൽ ഇത് ആദ്യമായല്ല ഇതേ ഫോട്ടോ ഉപയോഗിച്ച് സാമുദായിക ലഹള ലക്ഷ്യമിട്ട് വ്യജ പ്രചാരണം നടക്കുന്നത്. 2020 ജൂണിൽ ഒരു മുസ്ലീം ജനക്കൂട്ടം ഹിന്ദു പുരോഹിതനെ ആക്രമിച്ചതിന്റെ അതേ അവകാശവാദത്തോടെയാണ് ചിത്രം പ്രചരിപ്പിച്ചിരുന്നു. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
യഥാർത്ഥത്തിൽ വിന്ധ്യാചൽ ക്ഷേത്രത്തിൽ പാണ്ഡ സമുദായത്തിൽ നിന്നുള്ള രണ്ട് കക്ഷികൾ തമ്മിലുള്ള കലഹത്തെ തുടർന്നാണ് ചിത്രത്തിൽ ഉള്ള വ്യക്തിക്ക് പരിക്കേറ്റത്. അല്ലാതെ ഇതൊരു ഹിന്ദു മുസ്ലിം പ്രശ്‌നമല്ല. ഇക്കാര്യം മിർസാപൂർ പോലീസ് തന്നെ സ്ഥിരീകരിച്ചതാണ്.
ജൂണിൽ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് ഇല്ലാതായ പോസ്റ്റ് ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു.
@igrangealld @digmirzapur @mirzapurpolice महोदय कृपया इस मामले को गंभीरता से लेकर तुरंत कार्रवाई की जाए और इसके पीछे जो भी शख्स है उसे तत्काल प्रभाव से गिरफ्तार किया जाए कृपया मामले को गंभीरता से लिया जाए https://t.co/UVD11AdN3N
— NK Thakur HTF( honey stan) (@NKThaku33787262) October 30, 2021
ഈ പോസ്റ്റിനെ കുറിച്ച് മിർസാപൂർ പോലീസ് അറിയിച്ചത് പ്രകാരം ഇത് വൈദികർ തമ്മിലുള്ള കലഹമാണ്. സംഭവത്തിൽ സാമുദായിക വശമില്ലെന്ന്
മിർസാപൂർ എഎസ്പി (സിറ്റി) സഞ്ജയ് കുമാർ സ്ഥിരീകരിച്ചു. രാത്രിയിൽ പ്രാർത്ഥന നടത്താൻ എത്തിയ പാണ്ഡെയെ ക്ഷേത്രത്തിൽ നിന്നുള്ള ഒരു സംഘം പുരോഹിതന്മാർ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഇതിൽ മുസ്ലിങ്ങൾക്ക് യാതൊരു വിധ പങ്കും ഇല്ല.
ചുരുക്കത്തിൽ, ഒരേ സമുദായത്തിൽ പെട്ടവർ തമ്മിൽ ഉണ്ടായ ഒരു കലഹത്തിനിടെ പരിക്കേറ്റ ഒരാളുടെ ചിത്രം പൊക്കി പിടിച്ച് അത് ഹിന്ദു മുസ്ലിം പ്രശ്നമാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു.