ആലപ്പുഴ: പുന്നപ്ര ഗവൺമെന്റ് ജെ ബി സ്‌കൂൾ കെട്ടിട ഉദ്ഘാടനത്തിൽ നിന്ന് ജി സുധാകരൻ്റെ പേര് വെട്ടി. എംഎൽഎ ആയിരുന്നപ്പോൾ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണിത്. ഇതര രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ക്ഷണമുള്ളപ്പോഴാണ് ജി സുധാകരനെ ഒഴിവാക്കിയത്.
അമ്പലപ്പുഴ മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിലാണ് ഒഴിവാക്കൽ വിവാദം. പ്രോഗ്രാം നോട്ടീസിൽ സ്‌കൂൾ കെട്ടിടത്തിലെ ജി സുധാകരൻ്റെ പേര് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നീക്കം ചെയ്തു. എച്ച് സലാം എംഎൽഎയുടെ ഓഫീസ് ഇടപെട്ട് പുറത്തിറക്കിയ നോട്ടിസിനെ ചൊല്ലിയാണ് വിവാദം.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പു വീഴ്ചയുടെ പേരിൽ അടുത്തിടെയാണ് സംസ്ഥാന സമിതിയംഗമായ ജി സുധാകരന് സിപിഐഎമ്മിൻ്റെ പരസ്യശാസന നേരിട്ടത്. സ്ഥാനാർഥി നിർണയത്തിലേയും പ്രചരണത്തിലേയും സംസ്ഥാന സമിതിയംഗത്തിന് യോജിക്കാത്ത പെരുമാറ്റത്തിൻ്റെ പേരിലാണ് നടപടിയെന്ന് പാർട്ടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.