തിരുവനതപുരം; ഇന്ധനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത് സൈക്കിളില്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരാണ് സൈക്കിളില്‍ സഭയിലെത്തിയത്. ഇന്ധന വില കുറക്കാൻ സംസ്ഥാനവും തയ്യാറാവുക. അധിക നികുതിയിൽ ഇളവ് വരുത്തി ജനങ്ങൾക്ക് ആശ്വാസം പകരുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് എം.എല്‍.എമാർ എം.എല്‍.എ ഹോസ്റ്റലിൽ നിന്നും സൈക്കിള്‍ ചവിട്ടി നിയമസഭ സമ്മേളനത്തിനെത്തിയത്.
കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറച്ച് ഇന്ധന വില കുറയ്ക്കണമെന്നാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന ആവശ്യം.മുൻപും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയിൽ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറയ്ക്കുകയുമില്ലെന്നാണ് സർക്കാർ നിലപാട്.സമരം വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഇന്ന് ഇന്ധന നികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.