തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar) ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ ബെന്നിച്ചൻ തോമസിനെയാണ് സസ്പെൻസ് ചെയ്തത്. വിവാദ ഉത്തരവിറക്കിയത് ബെന്നിച്ചൻ തോമസായിരുന്നു. മരം മുറിയില്‍ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കാനാണ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത്. ഇതുവിവാദമായതോടെ ഉത്തരവ് റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.
ഉത്തരവ് റദ്ദാക്കുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവ് മരവിപ്പിച്ചാല്‍ പോര, റദ്ദാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.
മരം മുറിക്കൽ ഉത്തരവ് റദ്ദാക്കിയ നടപടി സ്വാഗതം ചെയ്‌ത് വി ഡി സതീശൻ രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യം സർക്കാർ അംഗീകരിച്ചത് സ്വാഗതം ചെയ്യുന്നു. ഉത്തരവിറക്കാൻ ഇടയായ സാഹചര്യം സർക്കാർ വിശദീകരിക്കണം. മന്ത്രിമാർക്ക് എങ്ങനെ അവ്യക്തത ഉണ്ടായി, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.