സമീപകാലത്ത് ഏറ്റവും വലിയ വിജയമായ നെറ്റ്ഫ്ലിക്സിൻറെ (Netflix) സൗത്ത് കൊറിയൻ സർവൈവൽ ഡ്രാമ സിരീസ് ‘സ്ക്വിഡ് ഗെയിം’ (Squid Game) ആദ്യ സീസൺ കൊണ്ട് അവസാനിക്കില്ല. സിരീസിന് അടുത്ത സീസണും ഉണ്ടായിരിക്കുമെന്ന് സിരീസിൻറെ ക്രിയേറ്ററും രചയിതാവും സംവിധായകനുമായ ഹ്വാങ് ഡോംഗ് ഹ്യുക് (Hwang Dong-hyuk) ആണ് ഉറപ്പ് നൽകിയിരിക്കുന്നത്. എപി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഹ്വാങ് ഇക്കാര്യം ആദ്യമായി പറഞ്ഞിരിക്കുന്നത്. “ഞങ്ങൾക്ക് മറ്റൊരു സാധ്യതയും മുന്നിലില്ല എന്ന തരത്തിലാണ് കാര്യങ്ങൾ”, അദ്ദേഹം എപിയോട് പറഞ്ഞു.
എന്നാൽ ഒരു രണ്ടാം ഭാഗത്തിനുവേണ്ടി തങ്ങൾ സമ്മർദ്ദങ്ങളൊന്നും നേരിട്ടില്ലെന്നും മറിച്ച് വലിയ ഡിമാൻറും സ്നേഹവുമാണ് ഉണ്ടായതെന്നും ഹ്വാങ് ഡോംഗ് ഹ്യുക് പറഞ്ഞു. “എൻറെ തലയ്ക്കകത്താണ് ഇപ്പോൾ അത്. എപ്പോഴാണെന്നും എങ്ങനെയാണെന്നുമൊക്കെ ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ എനിക്ക് ഇക്കാര്യം ഉറപ്പു നൽകാനാവും. ജി ഹുൻ (സ്ക്വിഡ് ഗെയിമിലെ കഥാപാത്രം) തിരിച്ചെത്തും. അദ്ദേഹം ലോകത്തിനുവേണ്ടി ചിലത് ചെയ്യും”, സംവിധായകൻ പറയുന്നു.
സെപ്റ്റംബർ 17നാണ് സ്ക്വിഡ് ഗെയിം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. പണത്തിന് അങ്ങേയറ്റം ആവശ്യമുള്ള ഒരു കൂട്ടം മനുഷ്യർ ചില കളികളിൽ പങ്കെടുക്കാനുള്ള സമ്മതം അറിയിക്കുകയാണ്. പക്ഷേ അപ്രതീക്ഷിതവും അപകടകരവുമായ ചിലതാണ് അവരെ കാത്തിരിക്കുന്നത്. ഇതാണ് സിരീസിൻറെ രത്നച്ചുരുക്കം. സിരീസുകളുടെ കണക്കെടുത്താൽ നെറ്റ്ഫ്ളിക്സിൻറെ എക്കാലത്തെയും വലിയ വിജയമായാണ് സ്ക്വിഡ് ഗെയിം നിലവിൽ പരിഗണിക്കപ്പെടുന്നത്. സൗത്ത് കൊറിയൻ താരങ്ങൾക്ക് ലോകമാകെ ആരാധകരെയും നേടിക്കൊടുത്തിരിക്കുകയാണ് സിരീസ്.