കൊച്ചി: നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത കേസിൽ കോൺഗ്രസ് നേതാക്കളായ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. നേതാക്കൾ 37,000 രൂപ വീതം കോടതിയിൽ കെട്ടിവയ്ക്കണം.
മനു ജേക്കബ്, ജർജസ്,പി ജി ജോസഫ്, ജോസഫ് മാളിയേക്കൽ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. 50000 രൂപയുടെ രണ്ടു ആള്‍ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. നേതാക്കള്‍ നാളെ രാവിലെ പത്തരയോടെ ജയിലില്‍ നിന്ന് ഇറങ്ങും. നിലവിൽ അഞ്ച് നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത് ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് കൊച്ചിയിൽ നടത്തിയ റോഡ് ഉപരോധ സമരത്തിനിടെയായിരുന്നു സംഭവം നടന്നത്. സമരത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജോജു ജോർജ് രംഗത്തെത്തിയതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടൻ്റെ വാഹനത്തിൻ്റെ ചില്ല് തല്ലിതകർക്കുകയായിരുന്നു.