പലപ്പോഴും നമ്മുടെ ഭാവനകളെ മറ്റൊരു ലോകത്തെത്തിക്കുവാന്‍ മേഘങ്ങള്‍ക്ക് സാധിക്കാറുണ്ട്. ഇത്തരത്തിലുള്ള കുറേ ആഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന ഒരു മനസ്സ് നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങളുണ്ട്
മേഘങ്ങള്‍ക്കിടയിലൂടെ നടക്കുന്നതും അതിനെ തൊടുന്നതും എല്ലാം സ്വപ്നം കാണാത്തവരും ചുരുക്കമായിരിക്കും.കയ്യകലത്തില്‍ മേഘത്തെ തൊടുവാന്‍ സാധിക്കുന്നിടത്തേക്ക് പോകാം…
മീശപ്പുലിമല
കയ്യെത്താവുന്ന ദൂരത്തില്‍, കാല്ച്ചുവട്ടില് ഒക്കെ പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ വന്നെത്തി നില്ക്കുന്ന ഇടമാണ് മീശപ്പുലിമല. കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ ഒരിക്കലെങ്കിലും കയറിയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇവിടം ഇടുക്കി ജില്ലയുടെ ഭാഗമാണ്. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മല കൂടിയാണ് മീശപ്പുലിമല.
കൂര്‍ഗ്
പൂത്തുനില്ക്കുന്ന കാപ്പിത്തോട്ടങ്ങളും ഓറഞ്ച് മരങ്ങളും പിന്നിട്ട് കുന്നുകള്‍ കയറിയാല്‍ കൂര്ദിലെ മേഘങ്ങളെ കയ്യെത്തിത്തൊടാം. വിശാലമായ പച്ചപ്പിനു മുകളില്‍ കട്ടിയുള്ള മൂടുപടം വിരിച്ചതുപോലെ കിടക്കുന്ന കൂര്‍ഗിലെ മേഘത്തിന് മറ്റെങ്ങും കാണാനാവാത്ത ഒരു ഭംഗി കാണാം. എപ്പോള്‍ ചെന്നാലും കാണുന്ന കോടമഞ്ഞാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
ഇന്ത്യയുടെ സ്കോട്ലാന്ഡ് എന്നും ഇന്ത്യയുടെ കാപ്പിക്കൂട എന്നുമെല്ലാം ഈ നാടിനെ വിളിക്കുന്നത് വെറുതെയല്ല എന്നിവിടെ കാലുകുത്തിയാല്‍ തന്നെ മനസ്സിലാവും.നിങ്ങള്‍ പ്രകൃതിയെ സ്നേഹിക്കുകയും ശുദ്ധവായു ശ്വസിക്കാനും ശ്വാസകോശം ശുദ്ധീകരിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ കൂടുതല്‍ ആലോചിക്കാതെ ഇവിടം തിരഞ്ഞെടുക്കാം.
കൊടൈക്കനാൽ
തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് കൊടൈക്കനാല്‍. പരപ്പാര്‍, ഗുണ്ടാര്‍ താഴ്വരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണം, പഴനി മലനിരകളുടെ തെക്കന്‍ മലനിരകള്‍ക്ക് മുകളിലായി ഒരു പീഠഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, കൊടൈക്കനാല്‍ യൂക്കാലിപ്റ്റസ് ഓയില്‍, പ്ലംസ്, ഹോം മെയ്ഡ് ചോക്ലേറ്റുകള്‍, പിയര്‍ എന്നിവയ്ക്കും പേരുകേട്ടതാണ്. കൂടാതെ, പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന കുറിഞ്ഞി പൂക്കള്‍ക്കും ഈ സ്ഥലം പ്രശസ്തമാണ്.
ബ്രയാന്റ് പാര്‍ക്ക്, കുറിഞ്ഞി ക്ഷേത്രം, തടാകം, ബോട്ട് സവാരി, പില്ലര്‍ റോക്ക്, സൂസൈഡ് പോയിന്റ്, ഗുണ ഗുഹ തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.