ഏതു പാതിരാത്രിയില്‍ ചെന്നാലും തുറന്നു കിടക്കുന്ന ഇടം… ഇങ്ങനെയുള്ള നാട്ടില്‍ പേരിനെങ്കിലും ഒരു കള്ളന് വേണ്ടെ? അതുമില്ല…എന്തിനധികം…ഒരു മോഷണം പോലും ഇതുവരെയും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല… മാത്രമല്ല, ഇവിടെ മോഷണം നടത്തിയാല്‍ എന്താകുമെന്നറിഞ്ഞാല് കള്ളന്മാര് അറിയാതെ പോലും ആ വഴി അടുക്കില്ല.
ഒരു നാടോടിക്കഥ വായിക്കുന്ന പോലെ…. എന്നാല്‍ യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു ഗ്രാമമുണ്ട്…മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിക്ക് സമീപം സ്ഥിതി ചെയ്യുന്ന “ശനി ഷിംഗ്നാപൂര്‍”… വാതിലുകളില്ലാത്ത ഈ ഗ്രാമത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടെ?!!
വീടിനു മാത്രമല്ലഅലമാരയ്ക്കു പോലും പൂട്ടിടാതെ സൂക്ഷിക്കുന്ന ഒരു ഗ്രാമമെന്നത് എല്ലാവര്ക്കും അത്ഭുതമായിരിക്കും. വീടിനു താക്കോലില്ലാത്തിടത്ത് പെട്ടിക്കു മാത്രമെന്തിനാണ് താക്കോല്‍ എന്നായിരിക്കും. …’ഉള്ള പണം കണ്ട് സന്തോഷമായി, അമിതമായതൊന്നും ആഗ്രഹിക്കാതെ ജീവിക്കുന്ന ഇവര്‍ നമുക്കൊരു മാതൃകയാണ്’. ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കുന്ന തനി സാധാരണക്കാരായ ആളുകളാണ് ശനി ഷിംഗ്നാപൂര്‍ ഗ്രാമത്തിലുള്ളത്.
ഇനി വീടുകളില്‍ ഇവര്‍ വാതില്‍ വയ്ക്കാത്തതിന്റെ കാരണം അറിയേണ്ടേ? തങ്ങളെയും തങ്ങളുടെ സ്വത്തുക്കളെയും മുഴുവനായും ശനിഭഗവാന് സംരക്ഷിച്ചുകൊള്ളും എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് മോഷണങ്ങള്‍ ഇവിടം റിപ്പോര്‍ട്ട് ചെയ്യാറേയില്ല എന്നുതന്നെ പറയാം. മാത്രമല്ല, ഇവിടുത്തെ എല്ലാ വീടുകളിലും ശനിഭഗവാന്റെ ഒരു രൂപമെങ്കിലും ആരാധിക്കാനായി കാണും. ഈ ഗ്രാമത്തിന്റെ ഇഷ്ടദൈവം കൂടിയാണ് ശനിഭഗവാന്.
പുറത്തുനിന്നുള്ളവര്‍ വന്നാല്‍ ഇവര്‍ ആളുകളെ സ്വീകരിച്ചിരുത്തുന്നത് അവരുടെ വരാന്തയിലാണ്. അതിനായി പ്രത്യേക സ്ഥലം ഇവിടുത്തെ എല്ലാ വീടുകളിലും ഒരുക്കിയിരിക്കുന്നത് കാണാം. വാതിലുകളില്ലാത്തതുകൊണ്ട് അതിഥികളെ തങ്ങള്‍ സ്വീകരിക്കാതിരിക്കില്ല എന്നാണ് ഇവര്‍ പറയുന്നത്. വാതിലില്ലെങ്കിലും അതിന്റെ ഭംഗികേട് തോന്നാതിരിക്കുവാന്‍ അവര്‍ വാതില്‍ പടിയ്ക്ക് ചുറ്റുമുള്ള ഭാഗം ചിത്രങ്ങള്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്നതും കാണാം.
മഹാരാഷ്ട്രയിലാണ് ഇത്രയും വിചിത്രമായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ അഹമ്മദ് നഗര്‍ എന്ന സ്ഥലത്തിനു സമീപത്തുള്ള ശനി ഷിംഗ്നാപൂര്‍ ഗ്രാമത്തിലാണ് വാതിലുകളില്ലാത്ത വീടുകളുള്ളത്. ഇവിടുത്തെ പോലീസ് സ്റ്റേഷനില്‍ കാലങ്ങളായി മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുപോലുമില്ല.
വിശ്വാസത്തിന്റെ കാര്യത്തില്‍ സമ്ബന്നരാണെങ്കിലും പണത്തിന്റെ കാര്യത്തില്‍ അധികം മുന്നിലല്ല ഇവിടുള്ളവര്‍. വ്യവസായങ്ങളിലാണ് ഇവിടുള്ളവര്‍ കൂടുതലും ആശ്രയിക്കുന്നത്. കരിമ്ബു കൃഷിയും അതിന്റെ അനുബന്ധ വ്യവസായങ്ങളിലുമാണ് ഇവിടുള്ളവര്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ കഷ്ടിച്ചു ജീവിച്ചു പോകുവാന്‍ മാത്രമാണ് അവര്‍ക്ക് ഇതുവഴി സാധിക്കുക.
എന്തുകൊണ്ടാണ് ഇവിടെ വാതിലുകള്‍ വയ്ക്കാത്തത് എന്ന ചോദ്യത്തിനും ഗ്രാമവാസികള്‍ക്ക് ഉത്തരമുണ്ട്. ഒരിക്കല്‍ ഇവിടുത്തെ ഒരു ഗ്രാമവാസിയുടെ സ്വപ്നത്തില്‍ ശനിഭഗവാന് പ്രത്യക്ഷപ്പെട്ടത്രെ. ഉറക്കത്തില്‍ കിടന്ന അയാളോട് ഭഗവാന് ചോദിച്ചു എന്തിനാണ് നിങ്ങളുടെ വീട്ടില്‍ വാതിലുകള്‍ വെച്ചിരിക്കുന്നതെന്ന്. തങ്ങളുടെ ജീവനും ഉള്ള സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കാനാണ് ഇതെന്നായിരുന്നു ആ ഭക്തന്റെ മറുപടി. എന്നാല്‍ താന്‍ ഉള്ളപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞ ശനിഭഗവാന് താമസം കൂടാതെ വീടിന്റെ വാതിലുകള്‍ നശിപ്പിക്കുവാനും പറഞ്ഞു.
ഇനി മുതല്‍ നിങ്ങളുടെ ജീവനും വസ്തുവകകള്‍ക്കും സംരക്ഷണം നല്കുവാന് താനുണ്ട് എന്നു പറഞ്ഞ ശനിഭഗവാനെ വിശ്വസിച്ചാണ് ഇവിടെയുള്ളവര്‍ വീടിനും അലമാരികള്ക്കുമൊന്നും വാതിലും പൂട്ടും വയ്ക്കാത്തത് എന്നാണ് പറയപ്പെടുന്നത്. ആ കഥയിലാണ് ആ ഗ്രാമത്തിന്റെ സത്യം അടങ്ങിയിരിക്കുന്നത് എന്നുാണ് ഇവിടുത്തെ പഴയ തലമുറയുടെ വിശ്വാസം. തങ്ങളുടെ കാവല്‍ ദൈവമായാണ് ശനിഭഗവാനെ ശനി ഷിംഗ്നാപൂര്‍ നിവാസികള്‍ കാണുന്നത്.
ഇത്രയും സുതാര്യമായ ഇവിടെ കളവ് നടത്തിയാല്‍ എന്താകുമെന്ന് അറിയുമോ? ശനിഭഗവാന് സംരക്ഷിക്കുന്ന നാട്ടില്‍ കളവ് നടത്തുവാന്‍ ആരും ധൈര്യപ്പെടില്ല എന്നതാണ് ഒന്നാമത്തെ കാര്യം. എന്നാല്‍ അതന്വേഷിച്ചപ്പോള്‍ ഇവര്‍ക്ക് പറയുവാന്‍ ഒരു കഥ കൂടിയുണ്ട്.
തലമുറകള്‍ക്കു മുന്‍പ് ഒരു മനുഷ്യന് ഈ ചോദ്യം ചോദിച്ചിരുന്നുവത്രെ. എന്നാല്‍ വെറും ഒരു ചോദ്യം ചോദിച്ചതിന് അയാള്‍ക്കു കിട്ടിയ ശിക്ഷ വളരെ വലുതായിരുന്നു. അയാള്‍ക്ക് തന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ ശിക്ഷ ആ മനുഷ്യനില്‍ മാത്രം ഒതുങ്ങി നിന്നില്ല. അയാളുടെ വരും തലമുറകളിലെല്ലാം ഒരാള്‍ക്കെങ്കിലും കാഴ്ചയില്ലാതെയായിരുന്നു ജനിച്ചതത്രെ.
ഈ കഥയില്‍ സത്യമുണ്ടെന്നാണ് ഇവിടുത്തെ പഴയ തലമുറ വിശ്വസിക്കുന്നത്. എന്നാല്‍ ഗ്രാമത്തില്‍ മറ്റു ചിലര്‍ പറയുന്നത് അവര്‍ക്ക് എന്തോ ജനിതക തകരാറുകള്‍ ഉണ്ട് എന്നാണ്. മാത്രമല്ല, തലമുറകളിലൂടെ കൈമാറി വരുന്ന അന്ധതയുടെ കഥ വിശ്വസിക്കുവാന്‍ ഇവിടെ പലരും തയ്യാറുമല്ല.കളവ് ചെയ്താല്‍ എന്താകുനമെന്ന് ചോദിച്ചപ്പോള്‍ കന്ണിണില്ലാത്ത ഒരാള്‍ മറുപടി പഞ്ഞു.. കാഴ്ചയില്ല….പരമ്പരാഗതമായി ആ ആളുകള്‍ക്ക് കാഴ്ചയില്ല. എന്നാല്‍ അതല്ല എന്നും പരമ്പരാഗതമായി കാഴ്ചയില്ലെന്നുനാണ് മറ്റുള്ളവര്‍ പറയുന്നത്…
ശനി ഭഗവാനെ ആരാധിക്കുന്ന ക്ഷേത്രം എന്ന നിലയില്‍ പ്രസിദ്ധമാണ് ഷിര്‍ദിയിലെ ശനി ഷിംഗ്നാപൂര്‍ ക്ഷേത്രം. അഹമ്മദ്നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഒരു കറുത്ത കല്ലിലാണ് ശനിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ കല്ല് സ്വയംഭൂ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്. പ്രത്യേകിച്ച് ശനിയാഴ്ചകളിലാണ് കൂടുതലും ആളുകള്‍ എത്തുന്നത്. ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ മുന്നോട്ടുള്ള ജീവിതം സുഗമമാകുമെന്നും ജീവിതത്തില്‍ മോശമായൊന്നും സംഭവിക്കുകയില്ല എന്നുമാണ് ആളുകള്‍ വിശ്വസിക്കുന്നത്.
ഏകദേശം 400 വര്‍ഷത്തോളമായി ഇവിടെ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കാറില്ലായിരുന്നു. ശ്രീകോവിലിലേക്കായിരുന്നു സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാല്‍ 2016 ലെ കോടതി വിധിയെ തുടര്‍ന്ന് നേതൃത്വത്തിലെത്തിയ സ്ത്രീകള്‍ ഈ അനാചാരത്തെ മാറ്റി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുകയുണ്ടായി.
ഇന്ത്യയില്‍ ജനിച്ച മഹാദൈവങ്ങളിലൊരാളായി അറിയപ്പെടുന്ന ശ്രീ സായിബാബയെ ആരാധിക്കുന്ന ക്ഷേത്രമാണ് ശ്രീ സായിബാബ സന്സ്താന് ക്ഷേത്രം. ഷിര്‍ദി ഗ്രാമത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ നിന്നും സായിബാബ ഭക്തര്‍ എത്താറുണ്ട്. ഉത്സവ സമയങ്ങളിലും വിശേഷ ദിവസങ്ങളിലും ഒരു ലക്ഷത്തോളം വിശ്വാസികള്‍ വരെ ഇവിടെ എത്തിയിട്ടുണ്ടത്രെ.