തിരുവനന്തപുരം: കെ.എസ്.ആർ.ടി .സി.യുടെ വിവിധ ഡിപ്പോകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ തുടർന്ന് സസ്പെൻഷനിലായ കെ.എസ്.ആർ.റ്റി.സി. സിവിൽ വിഭാഗം മേധാവി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു.
എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന് ബ്ലോക്കിന്റെയും ഗാരേജിന്റെയും നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ ഡിപ്പോകളുടെയും നിർമാണ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയതിനുമാണ് നടപടി. സസ്പെൻഷനും വിജിലൻസ് അന്വേഷണത്തിനും ധനകാര്യ പരിശോധന വിഭാഗം ശിപാർശ ചെയ്തിരുന്നു.
എറണാകുളം ഡിപ്പോ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് നിര്‍മാണത്തിലാണ് ഗുരുതര വീഴ്ചയുണ്ടായത്. കെട്ടിടത്തിന്റെ അടിത്തറക്ക് ഉറപ്പില്ലെന്ന് കണ്ടെത്തിയിട്ടും കരാറുകാരന് പണം നല്കാന് ശിപാര്‍ശ ചെയ്തെന്നാണ് കണ്ടെത്തല്‍. കെട്ടിടം ഉപയോഗശൂന്യമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര പാകപ്പിഴ കണ്ടതിനെതുടര്‍ന്ന് ചീഫ് എന്‍ജിനീയര്‍ അടക്കം ഉദ്യോഗസ്ഥരെ ഒന്നരവര്‍ഷം മുമ്പ് ചുമതലയില്‍നിന്ന് മാറ്റിയിരുന്നു.

















