അന്‍സിബ നല്‍കിയ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ചേര്‍ക്കാത്തതിനാല്‍ അന്‍സിബ കോടതി അലക്ഷ്യ ഹര്‍ജി നല്‍കും.
യുട്യൂബ് വഴി നടത്തുന്ന അപവാദപ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും അന്‍സിബ പരാതി നല്‍കിയിരുന്നു. അതിനു ശേഷം, നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്.
മജിസ്‌ട്രേറ്റ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ലക്ഷ്മിപ്രിയയും യൂട്യൂബ് ചാനല്‍ ഉടമയും നടി ശ്വേതാ മേനോനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്നാണ് അന്‍സിബയുടെ ആരോപണം. നേരത്തെ, അന്‍സിബയുടെ പരാതിയില്‍ കേസെടുക്കേണ്ട കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും തെളിവുകള്‍ വിലയിരുത്താനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Story Highlights : case against lakshmipriya in ansiba hassan’s complaint















