ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം. ഡാമിലെ റൂൾ കർവിനെ സർക്കാർ സുപ്രിംകോടതിയിൽ ചോദ്യം ചെയ്തു. ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ സൂചിപ്പിക്കുന്നു. കേസ് മറ്റന്നാൾ സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
ഇതിനിടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ തമിഴ്നാടുമായി മുഖ്യമന്ത്രിതല ചർച്ച ഡിസംബറിൽ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരള മന്ത്രിമാർ അറിഞ്ഞാണ് ഉത്തരവെന്ന് തമിഴ്നാട് മന്ത്രി ദുരൈ മുരുഗൻ പറഞ്ഞിട്ടില്ല. മരം മുറിക്കൽ ഉത്തരവ് നിയമവിരുദ്ധമായത്കൊണ്ടാണ് മരവിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുല്ലപ്പെരിയാറിലെവിവാദ മരംമുറിയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെ നടപടി ഉണ്ടായേക്കും. ഐഎഫ്എസ് ഉദ്യോഗസ്ഥനായത് കൊണ്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളത് കൊണ്ടാണ് തീരുമാനം വൈകുന്നത്.