തിരുവനന്തപുരം; കേരളത്തിന്റെ കാർഷിക, മത്സ്യവ്യവസായ രംഗങ്ങളിൽ വുപുലമായ സാധ്യതകൾ തുറക്കുന്ന ചർച്ചകളുമായി കേരളം – വിയറ്റ്നാം സഹകരണ ശിൽപ്പശാല. നഗരങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള സഹകരണത്തിലൂടെ കാർഷിക രംഗത്തും മത്സ്യസംസ്‌കരണ, മൂല്യവർധന രംഗത്തും കേരളത്തിനു വലിയ മുന്നേറ്റം കൈവരിക്കാനാകുമെന്നു ശിൽപ്പശാലയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. സഹകരണത്തിന്റെ ഭാഗമായി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ, വിവര സാങ്കേതികവിദ്യാ മേഖലകളിലെ മികവ് വിയറ്റ്നാമിനു പ്രയോജനപ്പെടുത്താനാകുമെന്നും അഭിപ്രായമുയർന്നു.
വിയറ്റ്നാമിലെ കിയെൻ പ്രൊവിൻസ്, കാൻ തൊ സിറ്റി തുടങ്ങിയവ കാർഷിക രംഗത്ത് കേരളവുമായി ഏറെ സാമ്യത പുലർത്തുന്ന പ്രദേശങ്ങളാണ്. നെല്ല്, കുരുമുളക്, കാപ്പി, റബർ, കശുവണ്ടി തുടങ്ങിയവയുടെ കൃഷിയിൽ മികച്ച രീതികളും സാങ്കേതികവിദ്യയും ഈവിടെ വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇത്തരം മാതൃകകൾ കേരളത്തിനും സ്വീകരിക്കാൻ കഴിയുമെന്നു ശിൽപ്പശാലയിൽ പങ്കെടുത്ത കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
ഉൾനാടൻ മത്സ്യകൃഷി, സമുദ്രമത്സ്യോത്പാദനം, വിതരണം തുടങ്ങിയ രംഗങ്ങളിൽ വിയറ്റ്നാം കൈവരിച്ച പുരോഗതിയും അനുഭവസമ്പത്തുംസാങ്കേതികവിദ്യയും കേരളത്തിനു പ്രയോജനപ്പെടുത്താൻ ഉതകുന്ന ചർച്ചകളാണു ശിൽപ്പശാലയിൽ നടന്നതെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിലും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിലും കേരളവുമായി വിയറ്റ്നാമിനു മികച്ച വ്യാപാരബന്ധം സാധ്യമാണെന്നു വ്യവസായ മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടി.
കൃഷി, മത്സ്യവ്യവസായം, വിവരസാങ്കേതികവിദ്യ, വ്യവസായം, ഉന്നതവിദ്യാഭ്യാസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകൾ ശിൽപ്പശാലയിൽ നടന്നു. വിയറ്റ്നാം അംബാസിഡർ ഫാം സാങ് ചൂ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(ഫോറിൻ അഫയേഴ്സ്) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം, വിയറ്റ്നാം സംഘാംഗങ്ങളായ പൊളിറ്റിക്കൽ കൗൺസിലർ ഗുയെൻ തി നഗോക് ഡൂങ്, കൗൺസിലർ ഗുയെൻ തി താൻസുവാൻ, ട്രേഡ് കൗൺസിലർ ബുയി ട്രങ് തുവാങ്, പ്രസ് അറ്റാഷെ സോൻ ഹോവാങ് മെഡൂങ്, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി.പി. മാധവൻപിള്ള, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസൻ ചാൻസലർ ഡോ. സജി ഗോപിനാഥ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ഠറി ഡോ. വി. വേണു, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, കൃഷിവകുപ്പ് സെക്രട്ടറി സി.എ. ലത, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കൃഷി ഡയറക്ടർ ടി.വി. സുഭാഷ്, ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.