കൊച്ചി: ഇന്ധനവില വർധനയ്ക്ക് എതിരായ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ (Joju George) കാർ തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാക്കളെ ഈ മാസം 22 വരെ റിമാൻഡ് ചെയ്തു. കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി എത്തിയാണ് കൊച്ചി മുൻമേയർ ടോണി ചമ്മിണിയും (tony chammani) കൂട്ടുപ്രതികളായ കോൺഗ്രസ് പ്രവത്തകരും കീഴടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികൾ കീഴടങ്ങുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു.
അതേസമയം തനിക്കെതിരെ വ്യാജ പരാതിയിലാണ് പോലീസ് കേസെടുത്തതെന്ന് ടോണി ചമ്മിണി പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അധികൃതരേയും ജനങ്ങളേയും അറിയിച്ച ശേഷമുള്ള സമരമാണ് ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയത്. സാധാരണക്കാരനെ ബാധിക്കുന്ന വിഷയമായതിനാലും തീക്ഷണ വിഷയമായതിനാലും സമരവും തീക്ഷണമായിരുന്നു. സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചെന്നും ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.
ആർക്കും രാഷ്ട്രീയമായ നിലപാടകളും ആഭിമുഖ്യവും സ്വീകരിക്കാം. എന്നാൽ ഒരു പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ശരിയല്ല. ബി. ഉണ്ണികൃഷ്ണൻ്റെ രാഷ്ട്രീയമെന്താണെന്ന് എല്ലാവർക്കുമറിയാം. സിപിഎമ്മിൻ്റെ കുഴലൂത്തുകാരനാണ് അദ്ദേഹം. കോണ്‍ഗ്രസുകാരുടെ സമരം അലങ്കോലമാക്കാൻ തുനിഞ്ഞ ജോജു സിപിഎം ജില്ലാ സമ്മേളനറാലിക്ക് ഗതാഗതം തടയുമ്പോൾ എതിർപ്പ് പ്രകടിപ്പിക്കാൻ തയ്യാറാവുമോ എന്ന് ടോണി ചമ്മണി ചോദിച്ചു. അങ്ങനെ സിപിഎമ്മിനെതിരെ പ്രതികരിച്ചാൽ ജോജുവിൻ്റെ അനുശോചനയോഗം നടത്തേണ്ടി വരുമെന്നും ടോണി പരിഹസിച്ചു.
കേസില്‍ നേരത്തെ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ വൈറ്റില ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐഎൻടിയുസി നേതാവ് ജോസഫ് ജോർജിനെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. പിന്നാലെ തൃക്കാക്കര കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ഷെരീഫ് ബുഹാരിയെയും അറസ്റ്റു ചെയ്തു. ഇരുവരും റിമാൻഡിലാണ്. ഇവരുടെ ജാമ്യം കോടതി നിഷേധിച്ചിരുന്നു.