ഒരു ഭരണകൂടം യാതൊരു ആസൂത്രണവും ഇല്ലാതെ, അതിന്റെ വരും വരായ്കകളെ കുറിച്ച് പഠനം നടത്താതെ പ്രഖ്യാപിച്ച ഒരു വലിയ മണ്ടത്തരത്തിന് ഇന്ന് അഞ്ച് വർഷം തികയുകയാണ്. നിരവധി മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുകയും നിരവധി പേരുടെ ജീവിതം തകർക്കുകയും ചെയ്ത പാതകമായിരുന്നു നോട്ടുനിരോധനം. അന്നന്നത്തെ ആവശ്യങ്ങൾക്ക് വേണ്ടി പോലും കയ്യിൽ പണമില്ലാതെ ജനത്തെ ഭരണകൂടം നെട്ടോട്ടമോടിച്ചു.
2016 നവംബർ 8നു രാത്രി 8 മണിക്കാണ് അപ്രതീക്ഷിതമായൊരു പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ കറൻസി ആയിരുന്ന 500,1000 രൂപ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം കേട്ട് രാജ്യം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. ഇനിയെന്ത് ചെയ്യുമെന്നറിയാതെ കേട്ടവർ കേട്ടവർ പരസ്പരം ആശങ്ക പങ്കിട്ടു.
കള്ളപ്പണവും കള്ളനോട്ടും തടയുക, കറൻസി നോട്ടിെൻറ കൈമാറ്റം കുറച്ച് ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക, ഭീകരപ്രവർത്തനത്തെ സഹായിക്കുന്ന പണമൊഴുക്ക് തടയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നോട്ടുനിരോധനത്തിന് പിന്നിലെന്നാണ് നോട്ടുനിരോധനത്തെ ന്യായീകരിച്ച് പറഞ്ഞിരുന്നത്. നവംബർ 8 രാത്രി 8 മണിക്ക് പ്രധാനമന്ത്രി നിരോധനം പ്രഖ്യാപിച്ചു. രാത്രി 12 മണി മുതൽ നിരോധനം പ്രാബല്യത്തിലായി. കള്ളപ്പണക്കാർക്ക് വമ്പൻ പ്രഹരമായിരുന്നു ഈ സർപ്രൈസ് പ്രഖ്യാപനത്തിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 4 മണിക്കൂർകൊണ്ട് വമ്പൻ കള്ളപ്പണക്കാർക്ക് ഒന്നും ചെയ്യാനാവില്ലെന്ന കണക്കുകൂട്ടൽ.
നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപു വരെ രാജ്യത്ത് 17.97 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 86 ശതമാനവും വലിയ മൂല്യമുള്ള 500, 1000 രൂപയുടെ കറൻസികൾ. 2017 ഓഗസ്റ്റിൽ, അച്ചടിച്ചതിന്റെ 99 ശതമാനത്തിലേറെ 500,1000 നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കണക്കുകൾ പുറത്തുവിട്ടു. റിസർവ് ബാങ്ക് ഇറക്കിയ 15.41 ലക്ഷം കോടിയുടെ മൂല്യമുള്ള 1000, 500 നോട്ടുകളിൽ 15.31 ലക്ഷം കോടിയും തിരിച്ച് ബാങ്കുകളിലെത്തി. ഇതോടെ കള്ളപ്പണമെവിടെയെന്ന ചോദ്യം രാജ്യത്താകെ ഉയർന്നു.
ഇതോടെ ഒരു കാര്യം ഉറപ്പായി കള്ളപ്പണക്കാരെ കുടുക്കാൻ വേണ്ടി പ്രഖ്യാപിച്ച നോട്ടുനിരോധനം വെറും പാഴ്‌വേലയായി. കുറെയേറെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്നതൊഴിച്ചാൽ ഒരു നേട്ടവും ഇതിന് പിന്നിൽ ഉണ്ടായില്ലെന്ന് മാത്രമല്ല. ഇത് കള്ളപ്പണക്കാർക്കും വ്യാജ കറൻസി അടിക്കുന്നവർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
അതിസമ്പന്നരുടെ നോട്ടുകൾ അതിവേഗം മാറ്റിക്കൊടുക്കാൻ പല ബാങ്കുകളും തിടുക്കം കൂട്ടി. 30 ശതമാനം ചാർജ് ഈടാക്കിയായിരുന്നു ഇത്. ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉൾപ്പെടെ ഇത്തരം ആരോപണങ്ങൾ ഉയർന്നു. ഗുജറാത്തിലെ കോർപറേറ്റ് ബാങ്ക് വഴി കോടികളുടെ പണം മാറ്റിയെടുത്തതായി ആരോപണം ഉയർന്നു. ബിജെപിയുടെ പണവും ഇത്തരത്തിൽ മാറ്റിയെടുത്തതായി ആരോപണങ്ങൾ ഉണ്ടായി.
ജനം പൊരിവെയിലത്ത് 4000 രൂപ കിട്ടാൻ വേണ്ടി മണിക്കൂറുകളോളം വരി നിന്നപ്പോൾ തന്നെ പലരുടെ കയ്യിലും 2000 രൂപയുടെ പുതിയ കറൻസി ഏറെ സുലഭമായിരുന്നു. അതായത് അറിയേണ്ടവരെല്ലാം നേരത്തെ തന്നെ നോട്ടുനിരോധനം അറിയുകയും ആവശ്യമായ കള്ളനോട്ടുകൾ വിപണയിൽ ഇറക്കുകയും ചെയ്തു എന്ന് വേണം മനസിലാക്കാൻ. ഹവാല പണവും കുഴൽപ്പണവും ഈ സമയത്തും വ്യാപകമായിരുന്നു. ഒരു വ്യക്തിക്ക് പരമാവധി 4000 രൂപ മാറി കിട്ടിയിരുന്ന സമയത്ത് തന്നെ മറ്റുപലർക്കും ഇത് ലക്ഷങ്ങളായിരുന്നു.
ഡിജിറ്റൽ പണമിടപാടിലേക്ക് ജനം മാറുമെന്ന പ്രഖ്യാപനവും വെറുതെയായി. ഡിജിറ്റൽ ഇന്ത്യ ഇപ്പോഴും ചില ജനങ്ങൾക്ക് മാത്രമുള്ളതാണ്. നോട്ടുനിരോധനത്തിന്റെ അഞ്ചു വർഷം കഴിഞ്ഞപ്പോൾ കറൻസി നോട്ടിന്റെ പ്രചാരം കൂടുകയാണ് ചെയ്തത്. റിസർവ് ബാങ്കിന്റെ കണക്കുകൾ അതാണ് വ്യക്തമാക്കുന്നത്. നോട്ട് നിരോധിക്കുന്നതിന് തൊട്ടുമുമ്പ്, 2016 നവംബറിൽ 17.97 ലക്ഷം കോടി നോട്ടുകളായിരുന്നു പ്രചാരത്തിൽ. അതിൽ 86 ശതമാനവും അസാധുവാക്കിയതു വഴി രണ്ടു മാസത്തിനകം നോട്ടിന്റെ എണ്ണം 7.8 ലക്ഷം കോടി മാത്രമായി കുറഞ്ഞതുമാണ്. ഇപ്പോഴുള്ളത് 28.30 ലക്ഷം കോടി. കറൻസി നോട്ടുകളുടെ എണ്ണം ഓരോ വർഷവും വർധിച്ചു.
ഇന്റർനെറ്റ് സൗകര്യങ്ങൾ വർധിച്ചതിനെ ഭാഗമായി ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചിട്ടുണ്ട്. എന്നിരുന്നാൽ പോലും അത് നാമമാത്രമാണ്. നോട്ടു തന്നെ ഭൂരിഭാഗത്തിനും ഇഷ്ടം. ഗ്രാമീണ, ചെറുകിട മേഖലയിൽ ഇപ്പോഴും വാഴുന്നത് പച്ച നോട്ട് തന്നെയാണ്. ജൻധൻ അക്കൗണ്ടുകൾ വ്യാപകമായെങ്കിലും പലരുടെയും ഇടപാടുകൾ വളരെ കുറവാണ്.
എന്നാൽ ബിജെപി സർക്കാർ പ്രഖ്യാപിച്ചത് പോലെ തീവ്രവാദ പ്രവർത്തങ്ങൾ കുറഞ്ഞില്ല. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചതുകൊണ്ടു മാത്രം ഭീകരവാദ പ്രവർത്തനങ്ങളിലേക്കുള്ള പണമൊഴുക്ക് തടയാൻ കഴിഞ്ഞില്ല. ഡോളർ അടക്കമുള്ള വിദേശ കറൻസികളും സ്വർണവും മറ്റു ലോഹങ്ങളും ലഹരിക്കടത്തുമെല്ലാം ഭീകരർ വരുമാനത്തിനായി ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണക്കാർ അവരുടെ സമ്പത്തിന്റെ 6 ശതമാനം മാത്രമേ പണമായി സൂക്ഷിക്കാനിടയുള്ളൂ എന്ന റിപ്പോർട്ട് ആദായനികുതി വകുപ്പും പുറത്തിറക്കിയിട്ടുണ്ട്. 2000 രൂപയുടെയും 500 രൂപയുടെയും കറൻസികൾ പുറത്തിറങ്ങിയതിനു പിന്നാലെ ഇവയുടെ വ്യാജനും വന്നു.
നോട്ടു നിരോധനം മൂലം രാജ്യത്തിന്റെ വളർച്ച രണ്ടു ശതമാനം വരെ പിന്നോട്ടടിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിച്ചത്. പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കിയ മാന്ദ്യം അവിടം മുതലാണ് തുടങ്ങിയത്. മൊത്തത്തിൽ രാജ്യത്തിന്റെ നട്ടെല്ല് ഓടിച്ചുകൊണ്ടാണ് നോട്ടുനിരോധനം കടന്ന് പോയത്. കടന്നു പോയി എന്ന് ഇപ്പോഴും പറയാനാകില്ല. നിരോധനം കൊണ്ടുണ്ടായ ക്ഷീണങ്ങൾ ഇപ്പോഴും വിട്ടുമാറാത്ത ജനങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. മരിച്ചുവീണ നൂറുകണക്കിന് മനുഷ്യരുടെ രക്തം ഇപ്പോഴും ഇവിടെ തളം കെട്ടികിടപ്പുണ്ട്. കോട്ടമല്ലാതെ, നേട്ടമൊന്നുമില്ലാത്ത ഭരണപരിഷ്കാരമായി, മോദിയൻ മണ്ടത്തരമായി അത് കാലം അടയാളപ്പെടുത്തും. നോട്ടുമാറാൻ വിരലിൽ മഷി പുരട്ടി നിൽക്കേണ്ടി വന്ന ജനങ്ങളുടെ നീണ്ട നിര ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത ഒരു സർക്കാരിനെ ചരിത്രത്തിൽ രേഖപ്പെടുത്തും.