വിനോദസഞ്ചാര ഭൂപടങ്ങളിൽ ഏറെ പ്രകീർത്തിച്ചിട്ടില്ലെങ്കിലും കാടിെൻറ വന്യഭംഗിയും നിരവധി വെള്ളച്ചാട്ടങ്ങളും കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നയിടമാണ് ജില്ലയുടെ കിഴക്കേ അറ്റത്ത് ശബരിമലക്കാടുകളുടെ അടിവാരത്തുള്ള നാറാണംമൂഴി പഞ്ചായത്ത്.
പെരുന്തേനരുവി ഉൾപ്പെടെ നിരവധി നയനമനോഹര വെള്ളച്ചാട്ടങ്ങളാണ് പതഞ്ഞൊഴുകുന്നത്. ഇവിടങ്ങളിലെല്ലാം സഞ്ചാരികളെത്തുന്നുണ്ടെങ്കിലും സുരക്ഷയും സൗകര്യങ്ങളുമൊക്കെ വരുന്നവർ സ്വയം കരുതിക്കൊള്ളണം എന്ന നയമാണ് വിനോദ സഞ്ചാരവകുപ്പിനുള്ളത്. പത്തനംതിട്ടയിൽ നിന്ന് 26 കിലോമീറ്ററുകൾ അകലെ പത്തനംതിട്ട ശബരിമല പാതയിലെ പെരുനാട്ടിൽ നിന്നും നാലുകിലോമീറ്റർ സഞ്ചരിച്ചാൽ നാറാണംമൂഴി പഞ്ചായത്ത് ആസ്ഥാനമായ അത്തിക്കയതെത്താം.
ഇവിടെനിന്നും പമ്പാനദിയുടെ തീരത്തുകൂടി വീതികുറഞ്ഞ ടാർ റോഡിൽകൂടി രണ്ടു കിലോമീറ്റർ കിഴക്കോട്ടുസഞ്ചരിച്ചാൽ കിഴക്കുനിന്ന് അവസാനത്തേതും പടിഞ്ഞാറുനിന്ന് ആദ്യത്തേതുമായ പമ്പാനദിയിലെ കൊടുമ്പുഴ അരുവിയിലെത്താം. കാനനവാസത്തിന് പുറപ്പെട്ട രാമലക്ഷ്മണൻമാരെയും സീതയെയും ഗുഹൻ തോണിയിലേറ്റി പുഴകടത്തിയെന്ന ഐതിഹ്യമുള്ള തോണിക്കടവ് എന്ന ഗ്രാമത്തിലാണ് കരിമ്പാറകളിൽ തട്ടി ചിന്നിച്ചിതറിയൊഴുകുന്ന കൊടുമ്പുഴ അരുവി. ശാന്തമായി ഒഴുകിയെത്തുന്ന പുഴ ഇവിടെയെത്തുമ്പോൾ രൗദ്രഭാവം പൂണ്ട് ഒഴുകുന്നതുകൊണ്ടാണ് കൊടുംപുഴ എന്ന പേരുവന്നതെന്നാണ് പറയപ്പെടുന്നത്.
വിനോദസഞ്ചാരവകുപ്പിന് ഇന്നും അജ്ഞാതമായ പനങ്കുടന്ത വെള്ളച്ചാട്ടത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്നുണ്ട്. പ്രശസ്തമായ കുറ്റാലം വെള്ളച്ചാട്ടത്തെക്കാൾ പത്തിരട്ടി വലിപ്പമുള്ളതും 11 തട്ടുകളുള്ളതുമാണ് പനങ്കുടന്ത വെള്ളച്ചാട്ടം. പൂർണമായും വനംവകുപ്പിെൻറ അധീനതയിലുള്ള ഈ സ്ഥലം ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ സമാനതകളില്ലാത്ത കാഴ്ചയും വികസനവും സാധ്യമാകും.
വന്യമായ കാടിെൻറ നടുവിലൂടെ ഒരു സാഹസികയാത്ര ഇഷ്ടപ്പെടുന്നവർ എത്തിച്ചേരുന്ന ഇടമാണ് പനങ്കുടന്ത അരുവി. ഏതാനും വർഷം മുമ്പുവരെ ജീപ്പും ലോറിയും മറ്റും കടന്നുപോകുമായിരുന്ന ഇൗ കാട്ടുപാത വനനിയമങ്ങൾ ശക്തമായതോടെ ഇടിഞ്ഞുപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. കുരുമ്പൻമൂഴി ഗ്രാമത്തിെൻറ കിഴക്കേ അറ്റത്ത് കാടിെൻറ നടുവിലാണ് പനങ്കുടന്ത വെള്ളച്ചാട്ടം. ശബരിമലവനത്തിെൻറ പടിഞ്ഞാറൻ മലഞ്ചരുവുകളിൽ ഉത്ഭവിച്ച് പമ്പാനദിയിൽ ചേരുന്ന ചെറുനദിയാണ് കുരുമ്പൻമൂഴിക്ക് സമീപം പനങ്കുടന്ത വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്. ഒന്നര കിലോമീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിെൻറ ഏറ്റവും താഴെ നൂറുമീറ്റർ അകലെവരെ വാഹനമെത്തും.