പരീക്ഷാർഥികളുടെ നീറ്റ് യോഗ്യതാ മാർക്ക്/സ്‌കോർ നിർണയിക്കുന്നത് മൊത്തം സ്‌കോറായ 720ന്റെ നിശ്ചിതശതമാനം (പെർസന്റേജ്) കണക്കാക്കിയല്ല. പെർസൻടൈൽ തത്ത്വം ഉപയോഗിച്ചാണ്. പെർസ?െന്റെൽ സ്‌കോർ എന്നത് ഒരു നിശ്ചിതസ്ഥാനത്തുള്ള സ്‌കോറാണ്.
ജനറൽ വിഭാഗക്കാർക്ക് യോഗ്യത നേടാൻ 50ാം പെർസെന്റെൽ സ്‌കോറാണ് വേണ്ടത്. 50 ശതമാനം (360) മാർക്കല്ല. പരീക്ഷയെഴുതിയ കുട്ടികളുടെ മാർക്കുകൾ/സ്‌കോറുകൾ ക്രമത്തിൽ (കൂടിയ മാർക്കുതൊട്ട് കുറഞ്ഞ മാർക്കുവരെ) പരിഗണിക്കുമ്പോൾ ഏതു മാർക്കിനു/സ്‌കോറിനു തുല്യമോ മുകളിലോ ആണ് 50 ശതമാനം പേരും മാർക്ക്/സ്‌കോർ നേടിയിരിക്കുന്നത് ആ മാർക്ക്/സ്‌കോർ ആയിരിക്കും 50ാം പെർസ?െന്റെൽ സ്‌കോർ.
ഈവർഷം ഈ സ്‌കോർ 138 ആണ്. നീറ്റ് യു.ജി.യിൽ മുന്നിലെത്തിയ 50 ശതമാനം പേരുടെ ഏറ്റവുംകുറഞ്ഞ സ്‌കോറാണിത്. പരീക്ഷയെഴുതിയ 50 ശതമാനം പേർക്കും ഈ മാർക്കോ അതിൽക്കൂടുതലോ ലഭിച്ചിട്ടുണ്ട് (സ്വാഭാവികമായും ബാക്കി 50 ശതമാനം പേർക്ക് 138ൽ താഴെയായിരിക്കും സ്‌കോർ). 50ാം പെർസ?െന്റെൽ സ്‌കോർ (138) ഒന്നിൽക്കൂടുതൽ പേർക്ക് ഉണ്ടാകാമെന്നതിനാൽ ഈ സ്‌കോർ നേടുന്നവരുടെ എണ്ണം പരീക്ഷയെഴുതിയവരിൽ 50 ശതമാനത്തിൽ അല്പം കൂടുതലായിരിക്കും. 138 മാർക്ക് ശതമാനക്കണക്കിൽ 19.1667 ആണ്. ഈ സ്‌കോർ ലഭിച്ച ജനറൽ വിഭാഗത്തിലെ ഏവരും നീറ്റ് യു.ജി. യോഗ്യത നേടിയിരിക്കുകയാണ്.
പട്ടിക/ഒ.ബി.സി. വിഭാഗക്കാർക്ക് യോഗ്യത നേടാൻ 40ാം പെർസ?െന്റെൽ സ്‌കോർ മതി. പരമാവധി സ്‌കോർമുതൽ ഏറ്റവുംകുറഞ്ഞ സ്‌കോർവരെ ക്രമപ്പെടുത്തുമ്പോൾ മുന്നിലെത്തുന്ന 60 ശതമാനം പേരുടെ ഏറ്റവുംകുറഞ്ഞ സ്‌കോറായിരിക്കും ഇത്. ഇതിനുതാഴെ സ്‌കോറുണ്ടാവുക 40 ശതമാനം പേർക്കായിരിക്കും. ഈ വർഷം ഈ വിഭാഗക്കാരുടെ യോഗ്യതാ മാർക്ക് 720ൽ 108 ആണ് (15 ശതമാനം). ജനറൽ/ ഇ.ഡബ്ല്യു.എസ്ഭിന്നശേഷിക്കാർക്ക് യോഗ്യത നേടാൻ വേണ്ടിയിരുന്നത് 45ാം പെർസ?െന്റെൽ സ്‌കോറായിരുന്നു. അത് 122 ആണ് (16.9444%). ഈ സ്‌കോറിനുതാഴെയാണ് 45 ശതമാനം പേർ സ്‌കോർ നേടിയിരിക്കുന്നത്. 122ൽ കൂടുതൽ സ്‌കോർ നേടിയത് 55 ശതമാനം പേരും.
പരീക്ഷയെഴുതിയവരുടെ മാർക്കുകളുടെ സ്ഥാനമനുസരിച്ചുള്ള മൂല്യമാണ് പെർസ?െന്റെൽ സ്‌കോർ എന്നതിനാൽ പരീക്ഷാ മൂല്യനിർണയം കഴിഞ്ഞേ അത് കണ്ടെത്തുകയുള്ളൂ. ഈവർഷം 138, 108, 122 മാർക്ക് നേടിയവർ അതതുവിഭാഗത്തിൽ യോഗ്യത നേടിയിട്ടുണ്ട്. അവർക്ക് വിവിധ പ്രവേശനങ്ങൾക്ക് വ്യവസ്ഥകൾക്കുവിധേയമായി ചോയ്‌സ് ഫില്ലിങ് നടത്തി അലോട്ട്‌മെന്റ് പ്രക്രിയയിൽ പങ്കെടുക്കാം.
കേരളത്തിൽ മെഡിക്കൽ അലൈഡ് റാങ്ക് പട്ടികയിലേക്കു പരിഗണിക്കപ്പെടാൻ 720ൽ 20 മാർക്ക് (2.7778%) മതി. നീറ്റ് യു.ജി. അഭിമുഖീകരിച്ച പട്ടികവിഭാഗക്കാർക്ക് കേരളത്തിൽ മെഡിക്കൽ അലൈഡ് റാങ്ക് പട്ടികയിലേക്കു പരിഗണിക്കപ്പെടാൻ മാർക്ക് വ്യവസ്ഥയില്ല.