തിരുവനന്തപുരം;സംസ്ഥാനത്ത് എട്ടാം ക്ലാസില്‍ അധ്യയനം ഇന്ന് മുതല്‍ തുടങ്ങും. നേരത്തെ 15നാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ (National Achievment survey) പന്ത്രണ്ടാം തീയതി നടക്കുന്നതിനാലാണ് എട്ടാം ക്ലാസിലെ അധ്യയനം നേരത്തെ ആരംഭിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും പഠനം. ബാച്ചുകളായി തിരിച്ച് ഉച്ചവരെയായിരിക്കും ക്ലാസുകള്‍. ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ പതിനഞ്ചിന് തുടങ്ങും.
ഒന്നുമുതല്‍ ഏഴ് വരെയും പത്തും ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് ഉച്ചവരെയാണ് ക്ലാസ്. ഘട്ടംഘട്ടമായി സ്‌കൂള്‍ സാധാരണ നിലയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ പഠിപ്പിക്കുന്നത് ഒഴിവാക്കിയിരുന്നു. 2020 മാര്‍ച്ചില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ സ്‌കൂള്‍ അടച്ചത്. ഏകദേശം ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.