ദില്ലി: പ്രതിപക്ഷ തിരിച്ചടികൾ മറികടക്കാനുള്ള പുത്തൻ രാഷ്ട്രീയ നീക്കങ്ങൾക്ക് രൂപം നൽകാൻ ചേർന്ന ബിജെപിയുടെ(BJP) ദേശീയ നിർവ്വാഹക സമിതി യോഗം ദില്ലിയിൽ പുരോഗമിക്കുന്നു. യുപി ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra modi)കൂടി പങ്കെടുക്കുന്ന യോഗം ചേരുന്നത്.
100 കോടി വാക്സീൻ എന്ന രാജ്യത്തിന്റെ നേട്ടത്തിൽ പ്രധാനമന്ത്രിയെ യോഗം അഭിനന്ദിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കൊവിഡിനെ പരാജയപ്പെടുത്തുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. 80 കോടി ആളുകൾക്ക് കൊവിഡ് കാലത്ത് സൗജന്യ റേഷൻ നൽകി. രാജ്യം സാമ്പത്തിക പുരോഗതിയിലാണന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. 18 പ്രമേയങ്ങൾ യോഗം പാസാക്കി. രാജ്യത്തിന്റെ പുരോഗതി തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും യോഗം കുറ്റപ്പെടുത്തി കേരളം, ബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം യോഗം വിലയിരുത്തിയതായി ധനമന്ത്രി നിർമല സിതാരാമൻ അറിയിച്ചു.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മുമ്പാണ് ബിജെപിയുടെ നിർണായക യോഗം. ഇന്ധനവിലക്കയറ്റവും കർഷകരുടെ സമരവും തെരഞ്ഞെടുപ്പിൽ താഴെ തട്ടിൽ തിരിച്ചടിയാകുമെന്ന ആശങ്ക ബിജെപിക്കുണ്ട്. യു പി കൈവിട്ടാൽ അത് വലിയ പ്രഹരമാകും. വാക്സിൻ വിതരണത്തിലെ നോട്ടവും സാമൂഹ്യ ക്ഷേമ പദ്ധതികളും ഉയർത്തിയാകും തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ബിജെപിയുടെ നീക്കം. എല്ലാ ബിജെപി മുഖ്യമന്ത്രിമാരും വെർച്വലായി യോഗത്തിൽ പങ്കെടുത്തപ്പോൾ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രം നേരിട്ടെത്തിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്.