കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു രാജിവെച്ചു. രാജിക്കത്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചു. ബിട്ടുവിന്റെ രാജ്യസഭയിലെ കാലാവധി ജൂണിൽ അവസാനിച്ചതിന് പിന്നാലെയാണ് രാജി. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ബിട്ടുവിന് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നപ്പോൾ സീറ്റ് നൽകിയിരുന്നില്ല. രവനീത് സിങ് ബിട്ടുവിനും ജോർജ് കുര്യനും ആണ് വീണ്ടും രാജ്യസഭാ സീറ്റ് നൽകാതിരുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ 75-ാം അനുച്ഛേദത്തിലെ (2)-ാം ഖണ്ഡിക പ്രകാരം, പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരമാണ് , കേന്ദ്ര മന്ത്രിസഭയിൽ നിന്നുള്ള രവ്‌നീത് സിങ്ങിന്റെ രാജി രാഷ്‌ട്രപതി അംഗീകരിച്ചത്. 2024 മുതൽ കേന്ദ്ര മന്ത്രിസഭയിൽ സേവനമനുഷ്ഠിച്ചിരുന്ന ബിട്ടു, അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളും ഉണ്ട്.
മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ് 50 വയസ്സുകാരനായ രവ്‌നീത് സിംഗ് ബിട്ടു, 2024 ൽ കോൺഗ്രസ് വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേരുകയും അതേ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. പിന്നീട്, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഒഴിഞ്ഞുപോയതിനെത്തുടർന്ന് ബാക്കിയുണ്ടായിരുന്ന കാലാവധി പൂർത്തിയാക്കാനായി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു.
Story Highlights : Ravneet Singh Bittu resigns as Union Minister of State for Railways
















