കോട്ടയം: എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ദീപ പി മോഹനന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. നാനോ സയൻസസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോക്ടർ നന്ദകുമാർ കളരിക്കലിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥിനി.ജാതിവിവേചനം നേരിട്ട ഗവേഷകയ്ക്ക് 10 വർഷമായി ഗവേഷണം പൂർത്തിയാക്കാനായിട്ടില്ലെന്നാണ് പരാതി. പല തവണ പ്രതിഷേധങ്ങള്‍ ഉയർന്നിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ തീരുമാനിച്ചത്.
അതേ സമയം ഗവേഷക വിദ്യാർത്ഥി ജാതി വിവേചന പരാതി ഉന്നയിച്ച എം ജി സർവകലാശാലയിലെ അധ്യപകനെ മാറ്റി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ് മേധാവി നന്ദകുമാർ കളരിക്കലിനെയാണ് മാറ്റിയത്. ഇന്നലെ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. നാനോ സയൻസ് ഡിപ്പാർട്ട്മെൻറ് ചുമതല വിസി ഏറ്റെടുത്തു. വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം.