തിരുവനന്തപുരം: കെഎസ്ആർടിസി രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കിൽ ഒൻപത് കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്ക്കരണ ചർച്ച തുടരുമെന്ന് മാനേജ്മെന്റ്. ഡയസ്നോണിന്റെ കാര്യത്തിൽ സർക്കാർ തീരുമാനിക്കും പോലെ നടപ്പിലാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
10 വർഷമായി കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. അതുകൊണ്ടാണ് അവർ ഒരു സമരത്തിലേക്ക് പോയത്. 48 മണിക്കൂർ പണിമുടക്കിന് ശേഷം ഇന്ന് വീണ്ടും കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ കൂടുതൽ ടിക്കറ്റ് വരുമാനം ലഭിക്കുന്ന ദിവസങ്ങളായിരുന്നു വെള്ളി, ശനി. എന്നാൽ ജീവനക്കാർ പണിമുടക്കിയതിനാൽ വെള്ളിയാഴ്ച ഒരു ബസും ഓടിയില്ല. ഇന്നലെ മൂന്ന് സോണുകളിലുമായി 268 സർവ്വീസുകൾ നടത്തി. ദിവസവും ശരാശരി 3,300 ബസുകളാണ് ഇപ്പോൾ കെഎസ്ആർടിസി ഓടിച്ചിരുന്നത്. രണ്ട് ദിവസത്തെ പണി മുടക്കിനെ തുടർന്ന് 9 കോടി, 40 ലക്ഷം രൂപയുടെ വരുമാന നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ.