നാട്ടു പേരിൻ്റെ വിശേഷങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ അപ്രതീക്ഷിതമായാണ് ജോസ് ഗിരിയെ കുറിച്ചു കേട്ടത്. അറിഞ്ഞതോടെ ഇരിപ്പുറയ്ക്കാതായി. മഞ്ഞിൻ്റെ തണുപ്പും മണ്ണിൻ്റെ തനിമയുമുള്ള കുന്നിൻമുകളിലെ ഗ്രാമം തേടി പുറപ്പെട്ടു. കണ്ണൂരിൻ്റെ പട്ടണക്കാഴ്ചകൾ കടന്ന്, നാടുകാണിയും പിന്നിട്ട് ആലക്കോടെത്തിയപ്പോഴേക്കും മലയോരത്തിൻ്റെ മിടുക്കി കാറ്റ് വീശിത്തുടങ്ങിയിരുന്നു. നെല്ലില്ലാതെ അരി മാത്രം വിളഞ്ഞ ‘അരി വിളഞ്ഞ പൊയിൽ’ കഥകളിലൂടെ കുന്ന് കയറി ചെറിയൊരു കവലയിലെത്തി.
ഏകദേശം 1950 – 60 കാലം. പാലായിൽ നിന്ന് പുറപ്പെട്ട കർഷകർ കണ്ണൂർ – കുടക് അതിർത്തിയിലെത്തി. കാട്ടുവള്ളി കെട്ടുപിണഞ്ഞ, ആ നയും കാട്ടുപോത്തും വിളയാടുന്ന ‘മുതുവള്ളിത്തട്ട്’ പ്രദേശത്തായിരുന്നു പിന്നീടവരുടെ ജീവിതം. കുന്നിനു മുകളിൽ കോടമഞ്ഞിൽ മൂടിക്കിടന്ന മണ്ണ് കൃഷിഭൂമിയായി. കൈകൊണ്ടു റോഡുകൾ വെട്ടി കവലയുണ്ടാക്കി. കടകൾ തുറന്നു. മെല്ലേ ഒരു ഗ്രാമം ജനിക്കുകയായിരുന്നു. ഏറിയ പേരുകളും ജോസും ജോസഫുമായതു കൊണ്ടു തന്നെ പതിയെ പതിയെ മുതുവള്ളിത്തട്ടെന്ന പേര് എല്ലാവരും മറന്നു. പകരം പുതിയൊരു പേരിട്ടു വിളിച്ചു:’ജോസ് ഗിരി’.
‘‘തിരുനെറ്റിമലയെ ചുറ്റിയൊഴുകുന്ന ആര്യങ്കോട് പുഴയുടെ മടിത്തട്ടിൽ മയങ്ങുന്ന ജോസ് ഗിരിയെന്ന കൊച്ചുഗ്രാമത്തിൽ…’’– ജീപ്പ് അനൗ ൺസ്മെന്റാണ് വരവേറ്റത്. കോടമഞ്ഞ് മറച്ചു പിടിച്ച കടയുടെ ബോർഡിന്റെ കോണിൽ ആ പേര് തെളിഞ്ഞു.
തിരുനെറ്റി മലയിലെ ഗുഹ————-
ജോസ് ഗിരിയുടെ പ്രധാന കാഴ്ചകളിലൊന്നായ തിരുനെറ്റിമലയാണ് ലക്ഷ്യം. വീതി കുറഞ്ഞ മൺവഴിയിലൂടെ ജീപ്പ് ഇരമ്പിക്കയറുമ്പോഴും ബെന്നിയുടെ കഥകൾ കുലുക്കമില്ലാതെ തുടർന്നു. രണ്ടു കിലോമീറ്റ ർ ദൂരത്തിനപ്പുറം കുന്നിൻമുകളിലെത്തി. കുടകുമായി അതിർത്തി പങ്കിടുന്ന ഗ്രാമത്തിന്റെ കാഴ്ചകളിലേക്ക് നടന്നു തുടങ്ങുന്നതിനു മുൻപ് നാട്ടുകാരനോട് കുശലാന്വേഷണം നടത്തി. കാഴ്ചകൾ കാണാനെത്തിയതാണെന്നു പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷം.
‘‘കണ്ണൂരിലെ ഏറ്റവും ഉയരും കൂടിയ ഗ്രാമങ്ങളിലൊന്നാണ് ജോസ് ഗിരി. ഉച്ചയായാലും ഇവിടുത്തെ കാറ്റിനു മഞ്ഞിന്റെ തണുപ്പാണ്. തൊട്ടപ്പുറത്ത് കർണാടക കാടും മനോഹര കാഴ്ചകളൊരുക്കുന്ന മലനിരകളും പുഴയും കൃഷിയിടങ്ങളും… നഗരത്തിൽ നിന്നു വരുന്നവർക്ക് പുതിയ അനുഭവമാവും. തീർച്ച’’– ബെന്നി നാട്ടുവിശേഷങ്ങൾ പറയാൻ തുടങ്ങി. ‘‘ഞങ്ങളുടെ നാട് കാണാൻ വന്നിട്ട് കൂട്ടു വന്നില്ലെങ്കിൽ അതു ശരിയല്ലല്ലോ’’ – അയാൾ ഫോർ വീൽ ജീപ്പ് സ്റ്റാർട്ടാക്കി. ചാഞ്ഞും ചരിഞ്ഞും കുന്ന് കയറുകയാണ് ജീപ്പ്.
രണ്ടു വലിയ കല്ലുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. മുഖത്തോടു മുഖം നോക്കി നിൽക്കുന്ന കല്ലുകളുടെ മുകളിലേക്ക് വലിഞ്ഞുകയറി. ഏഴിമല, അറബിക്കടൽ, കർണാടകത്തിലെ തലക്കാവേരി, പച്ചവിരിച്ചു നിൽക്കുന്ന കണ്ണൂരിന്റെ നാട്ടുകാഴ്ചകൾ… വർണനകൾക്കപ്പുറത്താണ് കണ്ണിൽ വിരിയുന്ന ദൃശ്യങ്ങൾ. നേരം ഉച്ചയോടടുക്കുമ്പോഴും ഇടയ്ക്കിടെ വിരുന്നെത്തിയ കോടമഞ്ഞ് കാഴ്ചകളുടെ മാറ്റു കൂട്ടി.
മറ്റൊരു വഴിയിലൂടെയാണ് കുന്നിറങ്ങിയത്. മലഞ്ചെരിവിൽ ഇത്തിരി ദൂരമിറങ്ങിയപ്പോൾ പാറക്കെട്ടിനിടയിൽ ഒരു ഗുഹ. ‘‘മുപ്പതു വർഷം മുൻപ് വരെ ആൾതാമസമുണ്ടായിരുന്ന ഗുഹയാണിത്. ‘ആനക്കുഞ്ചിലോ’ എന്നു പേരുള്ള ഒരാളും കുടുംബവുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അകത്ത് രണ്ടു മുറിയും അടുക്കളയുമെല്ലാമുണ്ട്’’ – ബെന്നി പറഞ്ഞു. ‘‘ആനയുടെ കരുത്തായിരുന്നു കുഞ്ചിലോക്ക്. അഞ്ചു കവുങ്ങു വരെ ഒറ്റയടിക്ക് തോളിലെടുക്കും. അതിനൊത്ത ഭക്ഷണരീതിയും. ഒരിക്കൽ മരത്തിനു മുകളിൽ നിന്ന് താഴേക്കു വീണ് അയാളുടെ തല പൊട്ടി. പക്ഷേ അത് തുന്നിക്കെട്ടി വീണ്ടും പത്തിരുപത് കൊല്ലം അയാൾ ജീവിച്ചു’’ – ഗുഹയുടെ വിശേഷങ്ങളിൽ നിന്ന് ബെന്നി കുഞ്ചിലോയുടെ കഥകളിലേക്കെത്തി.
ജൈവക്കാഴ്ചകളുടെ ‘പുകയൂണി’———–
ജോസ് ഗിരിയിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള കൊട്ടത്തലച്ചി മലയായിരുന്നു അടുത്ത ലക്ഷ്യം. ദുർഘടം പിടിച്ച വഴിയാണ് മുകളിലേക്ക്. പച്ചപ്പിന്റെയും കൃഷിയിടങ്ങളുടെയും കാഴ്ചകൾക്കിടയിൽ ഇടയ്ക്കിടെ കുരിശുകൾ പ്രത്യക്ഷപ്പെട്ടു. ‘മലബാറിന്റെ മലയാറ്റൂർ’ എന്ന പേരിലും ഈ മല അറിയപ്പെടുന്നുണ്ട്. തിരുനെറ്റി മലയുടെ വേറൊരു പതിപ്പാണ് കൊട്ടത്തലച്ചി.
കുന്നിന്റെ തുഞ്ചത്തെ പാറപ്പുറത്തു നിന്നുള്ള കാഴ്ച മനോഹരമാണ്. വിജനമായ മലഞ്ചെരിവും താഴെ തെളിയുന്ന പുഴയും പാടങ്ങളുമെല്ലാം ചേർന്ന് ഒരു ആകാശക്കാഴ്ചയുടെ പ്രതീതിയുളവാക്കും. അറ്റമില്ലാത്ത ആകാശത്തിന്റെ കിസ്സകൾ കേട്ട് കൊട്ടത്തലച്ചി മലയിൽ അന്തിമയങ്ങാൻ മോഹം തോന്നിയെങ്കിലും പതിയെ കുന്നിറങ്ങി. ‘ഓല കെട്ടി വാണ മല’യായിരുന്നു അടുത്ത ലക്ഷ്യം. ‘‘സൂക്ഷിക്കണം. ഇടയ്ക്ക് വലിയ കുഴികളുണ്ട്. പണ്ട് ആനയെ വീഴ്ത്താനുണ്ടാക്കിയതാണ്’’ – ആളുയരമുള്ള പുല്ല് വകഞ്ഞു മാറ്റി കുന്നു കയറുമ്പോൾ ബെന്നി പറഞ്ഞു.
പണ്ടു കാലത്ത് ജന്മിമാർ താമസിച്ചിരുന്ന കുന്നാണത്ര ഓല കെട്ടി വാണ മല. ഓല കൊണ്ടുള്ള വീട് കെട്ടി അവിടെ ജന്മിമാർ വാണിരുന്നു എന്നാണ് പേരിനു പിന്നിലെ കഥ. തിരുനെറ്റിയും കൊട്ടത്തലച്ചിയും പോലെ നാടിന്റെ വേറിട്ട ആകാശക്കാഴ്ചയാണ് ഈ കുന്നും സഞ്ചാരികൾക്കായി ഒരുക്കുന്നത്.