കൊച്ചി: ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പൊളിച്ചത് സിപിഎമ്മാണെന്ന് എംഎല്‍എ കെ ബാബു. സിപിഎമ്മിന്‍റെ ഒരു എംഎല്‍എയുടെ മധ്യസ്ഥയില്‍ മാത്രമേ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താവൂ എന്ന് സിപിഎം ജോജു ജോര്‍ജിനോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ജോജു ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയതെന്നും കെ ബാബു പറഞ്ഞു. സിനിമാ സംഘടനകളിലെ ഇടത് അനുഭാവികളാണ് ഈ നീക്കത്തിന് പിന്നിലെന്നും കെ ബാബു ആരോപിച്ചു.
കോണ്‍ഗ്രസം ജോജുവും തമ്മിലുള്ള തര്‍ക്കത്തില്‍ സിപിഎം ഉന്നത നേതൃത്വം ഇടപെട്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞു. പ്രശ്നം തീര്‍ക്കരുതെന്ന് മന്ത്രിമാര്‍ വരെ നിര്‍ദേശിച്ചു. സിപിഎം സമരമെങ്കില്‍ ജോജു ഇടപെടുമോയെന്നും സുധാകരൻ കണ്ണൂരിൽ ചോദിച്ചു. അതിനിടെ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ മറ്റന്നാൾ കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെ സുധാകരൻ അറിയിച്ചു. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.