ത്രിപുരയിൽ മുസ്‌ലിം സമുദായത്തിന് നേരെ നടന്ന വർഗീയ കലാപം അങ്ങേയറ്റം അപലപനീയമാണ്. മതത്തിന്റെ പേരിലും മറ്റുള്ള പേരിലും ആളുകളെ ആക്രമിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. അതുപോലെ, ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കപ്പെടുന്ന വ്യാജ ദൃശ്യങ്ങളും ചിത്രങ്ങളും എതിർക്കപ്പെടണം. ത്രിപുര കലാപവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്.
ഏറ്റവും പുതിയതായി വന്ന ദൃശ്യം കുറച്ചുപേർ മറ്റൊരാളെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെ വീഡിയോ ആയിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയി. ത്രിപുരയിലെ ഒരു മുസ്ലീം വീടിന് നേരെയുള്ള ആക്രമണം ചിത്രീകരിക്കുന്നതാണ് ദൃശ്യങ്ങളെന്നാണ് അവകാശവാദത്തോടെയാണ് ഈ വീഡിയോ പ്രചരിച്ചത്.
ട്വിറ്റർ ഹാൻഡിൽ കന്നഡ ഭാഷയിൽ സമാനമായ ഒരു സന്ദേശത്തോടെ ത്രിപുര എന്ന പേരിൽ ഈ വിഷ്വലുകൾ പങ്കിട്ടു. മറ്റു നിരവധി സ്ഥലങ്ങളിലും ഈ പോസ്റ്റ് പ്രത്യക്ഷമായി. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി പേരാണ് ഇത് പങ്കുവെച്ചത്.
ഈ ദൃശ്യത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ നടത്തിയ റിവേഴ്‌സ് ഇമേജ് സെർച്ച് ഞങ്ങളെ 2021 ഏപ്രിൽ 26 ലെ ഇ.ടി.വി ഭാരത് റിപ്പോർട്ടിലേക്ക് എത്തിച്ചു. ഇതുപ്രകാരം, ബംഗളൂരുവിലെ അശോക് നഗറിൽ ഒരു ഒരു കുപ്രസിദ്ധ ഗുണ്ടയെ ഒരു സംഘം അക്രമികൾ കുത്തിക്കൊന്നുവെന്ന് മനസിലാക്കാൻ സാധിച്ചു. സംഭവത്തെ തുടർന്ന് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി കേസുകളിൽ പ്രതിയായ അപ്പു എന്ന രവി വർമയാണ് കൊല്ലപ്പെട്ടത്. ദിനേശ് എന്നയാളും കൂട്ടാളികളും ചേർന്നാണ് കൊലനടത്തിയത്. സംഭവത്തിന് രണ്ടാഴ്ച മുമ്പാണ് വർമ ജയിൽ മോചിതനായത്. 2021 ഏപ്രിൽ 20 ന് രാത്രി, അശോക് നഗറിലെ ഫാജിമ ഗലിയിലെ ഒരു കടയിൽ പോയപ്പോൾ അഞ്ചോളം പേർ ചേർന്ന് അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ദി ഹിന്ദുവും ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസും ഉൾപ്പെടെ ദേശീയ മാധ്യമനകളും പ്രാദേശിക മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളിലൊന്നും കൊലപാതകത്തിന്റെ പിന്നിൽ എന്തെങ്കിലും വർഗീയ വശങ്ങൾ പരാമർശിക്കുന്നില്ല.
ചുരുക്കത്തിൽ, 2021 ഏപ്രിലിൽ ബംഗളൂരുവിൽ ഒരു കുറ്റവാളിയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ത്രിപുരയിൽ മുസ്‌ലിം സമുദായത്തിന് നേരെ നടന്ന അക്രമത്തിന്റെ ഭാഗമാണെന്ന പേരിൽ പ്രചരിക്കപ്പെട്ടത്.