തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കനുകൂലമായി കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയതായി രൂപീകരിച്ച ആസൂത്രണ ബോർഡിന്റെ ആദ്യ യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന് അനുകൂലമായും സംസ്ഥാനങ്ങൾക്കെതിരായും ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ രൂപപ്പെട്ടുവരുന്ന അസമത്വം കാരണം സംസ്ഥാനം ഗുരുതരമായ വിഭവ പരിമിതി നേരിടുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങൾക്കനുകൂലമായി കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണം.
ആസൂത്രണം കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഈ നിർണ്ണായക സമയത്ത് നമ്മുടെ വിഭവ പരിമിതികൾക്കിടയിലും സാമൂഹിക നേട്ടങ്ങളെ മാനിച്ചുകൊണ്ട്, വളർച്ചാ സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള ഭാവനാപൂർണ്ണമായ ഒരു പദ്ധതി തയ്യാറാക്കി നടപ്പിലാക്കാനാണ് ആസൂത്രണ ബോർഡും സർക്കാരും ശ്രമിക്കുന്നത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള കോവിഡാനന്തര വീണ്ടെടുക്കൽ ശ്രമങ്ങളിലാണ് സർക്കാർ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സാമ്പത്തിക പരിമിതികൾ ഉണ്ടെങ്കിലും സുസ്ഥിര സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനുള്ള ദൗത്യം മാറ്റിവെയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് പഞ്ചവത്സര പദ്ധതി സമീപനം പിന്തുടരുന്ന ഏക സംസ്ഥാനം ഇപ്പോൾ കേരളമാണ്. നാം ഇപ്പോൾ പതിനാലാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കടുത്ത പ്രതിസന്ധികൾക്കിടയിലും പതിമൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഏക സംസ്ഥാനവും കേരളമാണ്. ഭൂപരിഷ്‌കരണം, ആരോഗ്യം, സ്‌കൂൾ വിദ്യാഭ്യാസം, സാമൂഹികനീതി, ലിംഗനീതി, സാമൂഹിക സുരക്ഷ എന്നിവയിലെ മുൻകാല നേട്ടങ്ങളുടെ ശക്തമായ അടിത്തറയ്ക്ക് മുകളിലാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലയളവിൽ വിവിധരംഗങ്ങളിൽ നമ്മൾക്ക് എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിക്കാനായത്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഏറ്റവും താഴെത്തട്ടിലുള്ള ആസൂത്രണം ശക്തിപ്പെടുത്തുകയും വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ ലളിതമാക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തുവെന്ന്