വാളയാർ : കേരളത്തിൽ കോവിഡ് വ്യാപന തോതു കുറഞ്ഞിട്ടും അന്തർ സംസ്ഥാന യാത്രയ്ക്ക് ഇളവു നൽകാതെ തമിഴ്നാട്. സ്കൂളുകളും തിയറ്ററുകളും ഉൾപ്പെടെ തുറന്ന് നിയന്ത്രണങ്ങൾ ഭാഗികമായി മാറ്റിയപ്പോഴും അന്തർ സംസ്ഥാന യാത്ര മാത്രം പഴയ പോലെയാകുന്നില്ല. ദീപാവലി അവധി ആഘോഷ തിരക്കിനിടയിലും അന്തർ സംസ്ഥാന യാത്രയ്ക്കു ഇളവു ലഭിക്കാതെ വന്നതോടെ ആയിരക്കണക്കിനു യാത്രക്കാരാണു പ്രതിസന്ധിയിലായത്. സംസ്ഥാന അതിർത്തി ഗ്രാമങ്ങളിലുള്ളവരാണു കൂടുതൽ ദുരിതം നേരിടുന്നത്. പലരുടെയും ഉറ്റബന്ധുക്കൾ തമിഴ്നാട്ടിലാണ്. കൂട്ടായ്മയുടെ കൂടി ഉത്സവമായ ദീപാവലിക്കു എല്ലാ തിരക്കുകളും മാറ്റി വച്ച് നാട്ടിലെത്തി ഉറ്റവർക്കൊപ്പം ആഘോഷത്തിൽ ഏർപ്പെടുന്നതാണു പതിവ്. എന്നാൽ തമിഴ്നാടിന്റെ കടുംപിടുത്തം ഇവരുടെ യാത്ര വലിയ പ്രയാസത്തിലാക്കി.
അതിർത്തി ഗ്രാമങ്ങളിൽ വാക്സിനേഷൻ പൂർണമാകാത്തതും തിരിച്ചടിയാണ്. ചാവടി അതിർത്തി കടന്നു തമിഴ്നാട്ടിലേക്കു പ്രവേശിക്കാൻ ഇപ്പോഴും ഒട്ടേറെ നിബന്ധനകളുണ്ട്. തമിഴ്നാടിന്റെ ഇ–പാസിനൊപ്പം 2 ഡോസ് വാക്സിനേഷൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്. നിബന്ധനകൾ പാലിക്കാതെ എത്തിയാൽ അതിർത്തിയിൽ തടഞ്ഞ് മടക്കും.
ദിനംപ്രതി വിദ്യാർഥികൾ ഉൾപ്പെടെ നൂറു കണക്കിനു പേരാണു തമിഴ്നാടിന്റെ കടുത്ത നിയന്ത്രണങ്ങളിൽ കുടുങ്ങി മടങ്ങിപ്പോകുന്നത്. കോളജ് മാനേജ്മെന്റുകൾ വിദ്യാർഥികൾക്കു ഇളവു നൽകുന്നുണ്ടെങ്കിലും അതിർത്തിയിലുള്ള ആരോഗ്യ വകുപ്പ്–പൊലീസ് സംഘം ഇവരെ കടത്തി വിടുന്നില്ലെന്നാണു പരാതി. മലയാളികളായ പതിനായിരക്കണക്കിനു വിദ്യാർഥികളുടെ പഠനം പോലും പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽ ജോലിക്കായി ദിവസവും യാത്ര ചെയ്യുന്ന തൊഴിലാളികളും ദുരിതത്തിലാണ്. കേരളത്തിന്റെ ഇടപെടലുണ്ടായാൽ അന്തർ സംസ്ഥാന യാത്രയ്ക്ക് തമിഴ്നാട് ഇളവു നൽകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe