തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിച്ചതോടെ എട്ട് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം ഉയർത്തി. നിലവിൽ ജലനിരപ്പ് 138.95 അടിയാണ്. പുറത്തേക്കൊഴുക്കുന്ന വെളളത്തിൻ്റെ അളവിനേക്കാള്‍ കൂടുതലാണ് നീരൊഴുക്ക്. 3,981 ഘനയടി വെള്ളം പുറത്തേക്കൊഴുക്കി തുടങ്ങിയതോടെ പെരിയാറിൻ്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
പുലര്‍ച്ചെ വരെയുണ്ടായ ശക്തമായ മഴയാണ് ഡാമില്‍ ജലനിരപ്പുയരാന്‍ കാരണം. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചു. കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം തമിഴ്നാടിന് നവംബർ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്താം. തുലാവർഷം കണക്കിലെടുത്ത് ജലനിരപ്പ് 139.5 അടി എത്തിക്കാൻ തമിഴ്നാട് ശ്രമിക്കുന്നില്ല. ജലനിരപ്പ് 138 എത്തിയതോടെ സ്പിൽവേയിലെ 5 ഷട്ടറുകൾ തമിഴ്നാട് ഇന്നലെ അടച്ചിരുന്നു. തുറന്നിരുന്ന 6 ഷട്ടറുകളിൽ മൂന്നെണ്ണം ഇന്നലെ രാവിലെയും രണ്ടെണ്ണം വൈകീട്ടുമാണ് അടച്ചത്. ബാക്കിയുള്ള ഒരു ഷട്ടറിലൂടെ പുറത്തുവിടുന്ന വെള്ളത്തിൻ്റെ അളവ് പകുതിയുമാക്കിയിരുന്നു.
എന്നാല്‍ അപ്രതീക്ഷിത മഴയാണ് വീണ്ടും ആശങ്കയായിരിക്കുന്നത്. എട്ട് ഷട്ടറുകളും തുറന്നതോടെ പെരിയാറില്‍ ജലനിരപ്പുയര്‍ന്നു. ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ്. ഷട്ടറുകള്‍ വീണ്ടും തുറന്നതിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം പുകയുന്നുണ്ട്. അണക്കെട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകൻ വെള്ളിയാഴ്ച അണക്കെട്ട് സന്ദർശിക്കും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe