കണ്ണൂർ: കണ്ണൂരിൽ മന്ത്രവാദത്തെ തുടർന്നുള്ള മരണങ്ങളിൽ ആരോപണ വിധേയനായ ഇമാമിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയാണ് ചോദ്യം ചെയ്തത്. മരിച്ചവരുടെ ബന്ധുക്കളിൽ നിന്നു മൊഴി രേഖപ്പെടുത്തി. ഇമാമിനെ കസ്റ്റഡിയിലെടുക്കുന്നത് തെളിവുകൾ ശേഖരിച്ച ശേഷമാകുമെന്ന് പോലീസ് അറിയിച്ചു. പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
മന്ത്രവാദത്തെ ചികിത്സയ്ക്കായി ആശ്രയിച്ച അഞ്ചുപേരാണ് കണ്ണൂർ സിറ്റിയിൽ മരണപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെയുള്ള അസുഖബാധിതരെ മന്ത്രവാദത്തിന് വിധേയരാക്കി മരണത്തിലേക്ക് തള്ളി വിട്ടുവെന്നും മരിച്ച സഫിയയുടെ മകൻ സിറാജ് പടിക്കൽ പറഞ്ഞു. വിദഗ്ധ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസം സിറ്റി സ്വദേശിയായ പതിനൊന്നുകാരി ഫാത്തിമ മരിച്ചിരുന്നു.
കണ്ണൂർ സിറ്റിയിലെ ചില കുടുംബ വീടുകൾ കേന്ദ്രീകരിച്ചാണ് മന്ത്രവാദം പിടിമുറുക്കിയത്. അസുഖങ്ങൾക്ക് വൈദ്യ ചികിത്സയ്ക്കപ്പുറം മതത്തെ മറയാക്കി മന്ത്രവാദമാണ് പ്രതിവിധി. തൻ്റെ മാതാവും ഉറ്റബന്ധുക്കളും ഇതിൻ്റെ ഇരകളാണെന്ന് വെളിപ്പെടുത്തി യുവാവ് രംഗത്തെത്തി. വ്രതമെടുക്കൽ, മന്ത്രിച്ച വെള്ളം എന്നിങ്ങനെയാണ് മന്ത്രവാദമെന്ന് സിറാജ് പറഞ്ഞു. ഖുറാനിലെ സൂക്തങ്ങൾ ചൊല്ലിയാൽ അസുഖം മാറും എന്ന് ഇവർ അവകാശപ്പെടുമെന്നും സിറാജ് കൂട്ടിച്ചേർത്തു.
സിറ്റി ആസാദ് റോഡിലെ 70കാരി പടിക്കൽ സഫിയയായാണ് മന്ത്രവാദത്തിൻ്റെ ആദ്യ ഇര. സഫിയയുടെ മകൻ അഷ്‌റഫ്,സഹോദരി നഫീസു കുറുവ സ്വദേശി ഇഞ്ചിക്കൽ അൻവർ എന്നിവരും വിദഗ്ധ ചികിത്സ കിട്ടാതെയാണ് മരിച്ചത്. സിറ്റി കുഞ്ഞിപ്പള്ളി ഇമാമും മരിച്ച സഫിയയുടെ കൊച്ചുമകളുടെ ഭർത്താവുമായ ഉവൈസാണ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് സിറാജ് പറയുന്നു. കുടുംബത്തിലെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് സിറാജ് കണ്ണൂർ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. രണ്ടുപേർക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് കോടതി ഉത്തരവ് വന്നെങ്കിലും കാര്യക്ഷമമായ ഇടപെടൽ പോലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe