എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആര്‍ആര്‍ആറിന്‍റെ ടീസർ പുറത്തുവിട്ടു. 2022 ജനുവരി 7ന് ലോകമെമ്പാടുമായി റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

1920 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിലാണ് രാംചരണും ജൂനിയർ എൻ.ടി.ആറും എത്തുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി പറയുന്നത്.
ബാഹുബലിയുടെ അണിയറയിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ കെ സെന്തിൽകുമാർ, പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ, കഥ വി വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്സ് വി. ശ്രീനിവാസ് മോഹൻ, എഡിറ്റിങ് ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
















