തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് സിനിമ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയറ്റർ റിലീസില്ല. ഒടിടിയിൽ സിനിമ റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തിയറ്റർ റിലീസ് മുടങ്ങിയത്. ( marakkar not for theater release )
ആമസോൺ പ്രൈമിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ച മിനിമം ഗ്യാരന്റി തുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ തീയറ്റർ ഉടമകൾ അംഗീകരിക്കാന്‍ വിസമ്മതിച്ചു. മലയാള സിനിമയിൽ മിനിമം ഗ്യാരന്റി തുകയില്ല മറിച്ച് അഡ്വാൻസ് നൽകാമെന്നായിരുന്നു തീയറ്റർ ഉടമകളുടെ നിലപാട്.
സിനിമ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്ചകൾ ചെയ്യാൻ എല്ലാ വിഭാഗവും തയാറാണെന്ന് ഫിയോക് പറഞ്ഞിരുന്നു. മരക്കാറിന്റെ തീയറ്റർ റിലീസ് സംബന്ധിച്ച് ഫിലിം ചേമ്പർ പ്രസിഡന്റ് ചർച്ചയ്ക്കിടെയാണ് ഇക്കാര്യം പറഞ്ഞത്.
കൂടുതൽ ദിവസങ്ങൾ ചിത്രം പ്രദർശിപ്പിക്കും. മരക്കാർ കേരളത്തിന്റെ സിനിമയാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ തുക അഡ്വാൻസ് നൽകാൻ തയാറാണെന്നും ഫിയോക് പറഞ്ഞു. 10 കോടി വരെ നൽകാം എന്നാണ് ഫിയോക്കിന്റെ നിലപാട്. എന്നാൽ ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും മികച്ച ഓഫർ വന്നിട്ടുണ്ടെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ മിനിമം ഗ്യാരാന്റി തുക നൽകണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. പക്ഷേ അത്രയും തുക നൽകാൻ സാധിക്കില്ലെന്നും എന്നാൽ സിനിമ തീയറ്റർ റിലീസ് ചെയ്യതാൽ ഒടിടിയെക്കാൾ കൂടുതൽ തുക ലഭിക്കുമെന്നും തീയറ്റർ ഉടമകൾ അഭിപ്രായപ്പെട്ടു. എന്നാൽ ഈ അനുനയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.
100 കോടിക്കടുത്ത് ചെലവഴിച്ച് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് പ്രിയദർശനാണ്. രണ്ട് വർഷംകൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. 2020 മാർച്ച് 26–ന് ആദ്യം റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലം മാറ്റി വയ്ക്കുകയായിരുന്നു.
















