ത്രിപുരയിൽ മുസ്‌ലിം സമുദായത്തിന് നേരെയുണ്ടായ ഹിന്ദു സംഘടനകളുടെ അക്രമം അപലപിക്കേണ്ടതാണ്. രാജ്യത്ത് തന്നെ മതത്തിന്റെ പേരിലുള്ള വിദ്വേഷ നടപടികൾ തടയാൻ സർക്കാർ ബാധ്യസ്ഥരാണ്. ജനങ്ങൾ സ്വയം ഇത്തരം വർഗീയ അജണ്ടകളിൽ നിന്ന് മുക്തരാകേണ്ടതുമാണ്.
സംസ്ഥാനത്ത് മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾക്കെതിരെ ഒരു വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചുവെന്ന അവകാശവാദവുമായി ഒരു കൂട്ടം മുസ്ലീം പുരുഷന്മാരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. വടക്കൻ ത്രിപുര ജില്ലയിലെ ധർമ്മനഗറിലെ കടംതലയിൽ നിന്ന് ഉള്ള റാലിയാണെന്ന രീതിയിലാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്.
എഐഎംഐഎം അംഗം എന്ന രീതിയിൽ അറിയപ്പെടുന്ന എംഡി ഇർഫാൻ എന്ന ഫേസ്ബുക്ക് യൂസർ ഇതേ അവകാശവാദവുമായി വീഡിയോ പങ്കിട്ടു. അദ്ദേഹം അത് നീക്കം ചെയ്യുന്നതിനുമുമ്പ് ഇത് 3 ലക്ഷം കാഴ്ചകളും 14,000-ലധികം ലൈക്കുകളും നിരവധി ഷെയറുകളും നേടിയിരുന്നു.
https://www.facebook.com/plugins/video.php?height=307&href=https%3A%2F%2Fwww.facebook.com%2FfaizanMim%2Fvideos%2F1061576114680613%2F&show_text=false&width=560&t=0
മുസ്‌ലിം സമുദായം പ്രകോപനം ഉണ്ടാക്കുന്നെന്ന് കാണിച്ചും ഈ വ്യജ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ ഈ വീഡിയോ ഉത്തർപ്രദേശിൽ നിന്നുള്ളതാണ്. ഇർഫാന്റെ പോസ്റ്റിന് താഴെ തന്നെ ഏതാനും പേർ ഇക്കാര്യം ചൂണ്ടി കാണിച്ചിരുന്നു. തെറ്റായ അവകാശവാദത്തോടെയാണ് വീഡിയോ ഷെയർ ചെയ്തതെന്ന് ഇർഫാന്റെ പോസ്റ്റിന് നിരവധി പേർ കമന്റ് ചെയ്തു. വീഡിയോ യുപിയിൽ നിന്നുള്ളതാണെന്ന് അവരിൽ ഒരാൾ പറഞ്ഞു. വീഡിയോയിൽ ഒരു ശവസംസ്കാര ഘോഷയാത്രയാണ് കാണിക്കുന്നതെന്ന് മറ്റൊരാളും പറഞ്ഞു.
ഈ സൂചനകളെ അടിസ്ഥാനമാക്കി നടത്തിയ കീവേഡ് സെർച്ചിൽ, യുപിയിലെ ബുഡൗണിൽ ഒരു മത നേതാവിന്റെ ശവസംസ്‌കാര ചടങ്ങിന്റെ ദൃശ്യമാണ് വ്യാജമായി പ്രചരിപ്പിക്കപ്പെട്ടത് എന്ന് വ്യക്തമായി. 2021 മെയ് 10 നാണ് ഈ സംഭവം ഉണ്ടായത്. ഇസ്‌ലാമിക പുരോഹിതനായ അബ്ദുൾ ഹമീദ് മുഹമ്മദ് സലിമുൽ ഖാദ്രിയുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് റാലി നടന്നത്. അന്ന്, കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിൽ റാലിക്കെതിരെ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തത്.
ചുരുക്കത്തിൽ യുപിയിൽ നടന്ന ഒരു ശവ സംസ്കാര യാത്രയാണ് ത്രിപുരയിലെ മുസ്‌ലിം റാലി എന്ന രീതിയിൽ പ്രചരിപ്പിച്ചത്. ത്രിപുരയിൽ മുസ്‌ലിം സമുദായത്തിന് നേരെ നടന്ന അക്രമങ്ങളുടെ ബന്ധപ്പെട്ട് നിരവധി വിഡിയോകൾ ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്.